മക്കയില്‍ കനത്ത സുരക്ഷ; സുരക്ഷക്ക് പൊലിസ് നായകള്‍ മുതല്‍ റോബോട്ടുകള്‍ വരെ
ജിദ്ദ: വിശുദ്ധ ഹറമിലും പരിസര പ്രദേശങ്ങളിലും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടുന്നതിനും നിര്‍വീര്യമാക്കുന്നതിനും ഇരുപതു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഉംറ സുരക്ഷാ സേനയിലെ ആയുധ, സ്ഫോടക വസ്തു വിഭാഗം വെളിപ്പെടുത്തി. തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സുരക്ഷ ഒരുക്കുന്നതിന് ആയുധ, സ്ഫോടക വസ്തു വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നതായി അസിസ്റ്റന്റ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് അല്‍ ഖൈതാന്‍ പറഞ്ഞു.
പത്ത് സംഘങ്ങള്‍ വീതം അടങ്ങിയ രണ്ടു വിഭാഗമായി തിരിഞ്ഞാണ് ആയുധ, സ്ഫോടക വസ്തു വിഭാഗം മക്കയില്‍ പ്രവര്‍ത്തിക്കുന്നത്. തിരച്ചില്‍ നടത്തുകയാണ് ഇതില്‍ ഒരു വിഭാഗത്തിന്റെ ചുമതല. ഹറമിനു സമീപവും കിങ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് പദ്ധതിക്കു താഴെയും മുഴുവന്‍ വാഹനങ്ങളും പരിശോധിക്കും. മുഴുവന്‍ വാഹനങ്ങളും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. സംശയകരമായ വസ്തുക്കള്‍ കണ്ടെത്തിയാല്‍ നിര്‍വീര്യമാക്കുകയാണ് രണ്ടാമത്തെ വിഭാഗമായ റാപിഡ് റെസ്പോണ്‍സ് ടീമിന്റെ ചുമതല. സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തുന്നതിന് പരിശീലനം സിദ്ധിച്ച പൊലിസ് നായകളെ മക്കയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച ഏഴ് അത്യാധുനിക ഗ്രൗണ്ട് ക്യാമറകള്‍ കിങ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് പദ്ധതി പ്രദേശത്ത് സ്ഥാപിച്ചു. കൂടാതെ ഇവിടെ എത്തുന്ന മുഴുവന്‍ വാഹനങ്ങളും ചിത്രീകരിക്കുന്ന ക്യാമറകളുമുണ്ട്. വാഹനങ്ങള്‍ സ്‌കാന്‍ ചെയ്യുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും വാഹനങ്ങളിലെ ദുഷ്‌കരമായ ഭാഗങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള നവീന ഉപകരണങ്ങളും പ്രദേശത്ത് ഉപയോഗിക്കുന്നുണ്ട്. സംശയകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് റോബോട്ടുകളും പ്രയോജനപ്പെടുത്തുന്നുണ്ട്. കെ9 ഇനത്തില്‍ പെട്ട പൊലിസ് നായകള്‍ക്ക് അര ലക്ഷം റിയാലാണ് വില. ആയുധങ്ങളും സ്ഫോടക വസ്തുക്കളും മറ്റു നിരോധിത വസ്തുക്കളും കണ്ടെത്തുന്നതില്‍ 90 ശതമാനം കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ പൊലിസ് നായകള്‍ക്ക് സാധിക്കും. ശൈത്യ കാലത്ത് രണ്ടു മണിക്കൂറും വേനല്‍ക്കാലത്ത് മുക്കാല്‍ മണിക്കൂറും വീതമാണ് ഇവയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."