കണ്ണൂരില്‍ നടന്നത് ക്രിമിനല്‍ കുറ്റം
മെഡിക്കല്‍ പ്രവേശനത്തിനു കഴിഞ്ഞ ഞായറാഴ്ച സി.ബി.എസ്.ഇ നടത്തിയ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷയെഴുതാന്‍ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം കൊവ്വപ്പുറം ടീസ്‌ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനികള്‍ക്കുണ്ടായ മാനഹാനി അതിഭീകരമാണ്. സ്ത്രീപീഡനത്തിന്റെ വകഭേദമാണത്. നാടിനെ നടുക്കിയ ഈ സംഭവം തീരാക്കളങ്കമാണു കേരളത്തിനു വരുത്തിവച്ചത്.
അപമാനഭാരം താങ്ങാനാവാതെ പരീക്ഷാഹാളില്‍ വിങ്ങിപ്പൊട്ടിയിരുന്ന ഒരു വിദ്യാര്‍ഥിനിക്ക് ആദ്യത്തെ അരമണിക്കൂര്‍ പരീക്ഷയെഴുതാനായില്ല. ആ കുട്ടി പരീക്ഷയില്‍ പരാജയപ്പെടുകയാണെങ്കില്‍ കാരണക്കാരായവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയാണു വേണ്ടത്. നാല് അധ്യാപകരുടെ സസ്‌പെന്‍ഷനില്‍ ഒതുങ്ങേണ്ടതല്ല ഈ പ്രശ്‌നം.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കു കുട്ടികള്‍ പങ്കെടുക്കുന്നതു താങ്ങാനാവാത്ത മാനസിക സമ്മര്‍ദങ്ങളോടെയാണ്. കോച്ചിങ് സെന്ററില്‍നിന്നും അധ്യാപകരില്‍നിന്നും കിട്ടുന്ന സമ്മര്‍ദത്തിനു പുറമെ കുട്ടികള്‍ ഭാവിയില്‍ ഡോക്ടര്‍മാരായി വരുന്നതു കാണാനാഗ്രഹിക്കുന്ന രക്ഷിതാക്കളും കുട്ടികളില്‍ കഠിനമായ മാനസികപീഡനമേല്‍പ്പിക്കുന്നുണ്ട്. ഇതിനു പുറമെയാണു കണ്ണൂരിലുണ്ടായ തിക്താനുഭവം. കുട്ടികളുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും ഇകഴ്ത്തുന്ന പരിശോധനകള്‍ അവരുടെ മാനസികനില തകര്‍ക്കും.
രാജ്യത്തെല്ലാം ഒരേസമയത്തു നടന്ന നീറ്റ് പരീക്ഷയില്‍ മറ്റൊരിടത്തും പരിശോധനയുടെ പേരില്‍ കണ്ണൂരില്‍ സംഭവിച്ചതുപോലുള്ള പീഡനവാര്‍ത്തകള്‍ വന്നിട്ടില്ല. പരീക്ഷയെഴുതാന്‍ വരുന്ന വിദ്യാര്‍ഥികളുടെ ഡ്രസ്സ് കോഡ് സംബന്ധിച്ചു സുപ്രീംകോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ കുഞ്ഞിമംഗലത്തു നടന്ന പരിശോധന സുപ്രിംകോടതിയുടെ നിര്‍ദേശത്തിനും അപ്പുറത്തുള്ളതാണ്.
പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിക്കുന്ന പരിശോധകരെപ്പറ്റി കേട്ടുകേള്‍വിപോലുമില്ല. ഇത്തരം മനോരോഗികളെ പരീക്ഷാചുമതലയില്‍ നിയമിക്കുംമുന്‍പ് അവരെക്കുറിച്ചു വിശദമായ അന്വേഷണം നടത്തേണ്ടത് സി.ബി.എസ്.ഇയുടെ ബാധ്യതയാണ്. പന്ത്രണ്ടുലക്ഷത്തിനടുത്തു വരുന്ന കുട്ടികളാണ് രാജ്യത്തൊട്ടാകെ നീറ്റ് പരീക്ഷയെഴുതിയത്. ഇവരില്‍ പകുതിയും പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളുടെ വസ്ത്രധാരണമാണ് ഇത്തരമൊരു ക്രൂരമായ പരിശോധനയ്ക്കു കാരണമെങ്കില്‍ പീഡനത്തിന്റെ വഴിയല്ല അതിനു തെരഞ്ഞെടുക്കേണ്ടത്.
അടിവസ്ത്രങ്ങളുടെ ലോഹഹുക്കുകളില്‍ കോപ്പിയടിക്കുവാനുള്ള യന്ത്രങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടാവുമെന്നാണോ ഈ വിഡ്ഢികള്‍ കരുതുന്നത്. സാങ്കേതികവിദ്യ അതിശീഘ്രം വികസിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ശാസ്ത്രീയരീതിയില്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ട് കോപ്പിയടി കണ്ടുപിടിക്കാന്‍. ഏതാനും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. കോപ്പിയടിക്കുന്നവരെ തീര്‍ച്ചയായും പുറംതള്ളേണ്ടതാണ്. നാളത്തെ ഡോക്ടര്‍മാരായി അവര്‍ വരുന്നതു സമൂഹത്തോടു ചെയ്യുന്ന കടുത്ത ദ്രോഹമായിരിക്കും. അത്തരക്കാരെ പിടികൂടാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുകയാണു വേണ്ടത്.
ഡ്രസ്സ് കോഡ് പരിശോധനയുടെ പേരില്‍ മാനസികപീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും ഏറെയും വിധേയരാകുന്നതു പെണ്‍കുട്ടികളാണെന്നിരിക്കെ പെണ്‍കുട്ടികളുടെ ഡ്രസ്സ് കോഡിന്റെ കാര്യത്തിലും പരിശോധനയിലും സുപ്രിംകോടതി പുതിയൊരു നിര്‍ദ്ദേശം നല്‍കുന്നത് ഉചിതമായിരിക്കും. ഫുള്‍ കൈയുമായി പരീക്ഷയെഴുതാന്‍ വന്ന പെണ്‍കുട്ടികള്‍ വെട്ടിമാറ്റിയ കുപ്പായക്കൈകളുമായി പരീക്ഷയെഴുതേണ്ടിവരിക എന്നത് എന്തുമാത്രം മാനഹാനിയാണ് ഉണ്ടാക്കുന്നത്.
കണ്ണൂരില്‍ നടന്നത് ന്യായീകരിക്കാന്‍ പറ്റാത്ത കാട്ടാളത്തമാണ്. മാപ്പര്‍ഹിക്കാത്ത തെറ്റാണ് അവിടെ പരിശോധനയുടെ പേരില്‍ നടന്നത്. വ്യക്തിയുടെ അഭിമാനത്തിനും സ്വകാര്യതയ്ക്കും ക്ഷതമേല്‍പ്പിക്കുന്ന പ്രവര്‍ത്തി പീഡനം തന്നെയാണ്. പ്രിന്‍സിപ്പല്‍ മാപ്പുപറഞ്ഞതുകൊണ്ടു തീരുന്നതല്ല ഈ ക്രൂരതയുടെ പ്രത്യാഘാതം. അതിനാല്‍ ആ ക്രൂരതകാണിച്ചവര്‍ക്കെതിരേ ക്രമിനല്‍കുറ്റം ചുമത്തി കേസെടുക്കാന്‍ ഈ പ്രശ്‌നത്തില്‍ ഏറെ വികാരഭരിതമായി പ്രതികരിച്ച മുഖ്യമന്ത്രി തയാറാകണം.
രാഷ്ട്രീയകൊലപാതകങ്ങളാല്‍ ദുഷ്‌പേരു സമ്പാദിച്ച ജില്ലയാണ് കണ്ണൂര്‍. ഇപ്പോഴിതാ മലയാളികളെ ഒന്നടങ്കം അപമാനിക്കുന്ന നീചമായ മറ്റൊരു പ്രവൃത്തിയും അവിടെ അരങ്ങേറിയിരിക്കുന്നു. കണ്ണൂരില്‍ നടന്ന പരിശോധന നിയമം ദുരുപയോഗപ്പെടുത്തി നടത്തിയതായതിനാല്‍ ഇതില്‍ ഭാഗഭാക്കുകളായവര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."