സി.പി.എമ്മിന്റെ പരാജയ കാരണം ശബരിമല വിഷയം കൂടിയാണെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
കണ്ണൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും പരാജയ കാരണം ശബരിമല വിഷയം കൂടിയാണെന്നു സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനു വോട്ടുചോര്‍ന്നിട്ടുണ്ട്. ശബരിമല വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇടതുപക്ഷത്തിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ പഠനക്യാംപ് പറശ്ശിനിക്കടവ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം.
വിശ്വാസിയെയും അവിശ്വാസിയെയും ഒപ്പം നിര്‍ത്താതെ സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല. മതത്തെയും വിശ്വാസത്തെയും അവസാനിപ്പിക്കുകയെന്ന അജന്‍ഡ സി.പി.എമ്മിനില്ല. ശബരിമല പ്രധാന വിഷയമാണ്. സി.പി.എമ്മിലടക്കം മഹാഭൂരിപക്ഷവും വിശ്വാസികളാണ്. മസില്‍പവര്‍ കെണ്ടൊന്നും ആരും വൈരുധ്യാധിഷ്ടിത ഭൗതിക വാദിയാവില്ല. വിശ്വാസി സമൂഹത്തെ വിശ്വാസി സമൂഹമായി തന്നെ കാണണം. സി.പി.എം വിശ്വാസികള്‍ക്കെതിരല്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ നമുക്കായിട്ടില്ല. വിശ്വാസികള്‍ക്കെതിരായ യുദ്ധപ്രഖ്യാപനം സി.പി.എമ്മിന്റെ ലക്ഷ്യമല്ല.
സി.പി.എം ഉത്പാദിപ്പിച്ച മോദി വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ടു. എന്നാല്‍ ഫാസിസത്തിനു ബദല്‍ കോണ്‍ഗ്രസാണ്, മോദിക്കു ബദല്‍ രാഹുല്‍ ഗാന്ധിയാണ് എന്ന പൊതുബോധം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനുമായി. അതില്‍ ആശങ്കാകുലരായ ന്യൂനപക്ഷം ഒന്നടങ്കം കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്തു. അല്ലാതെ ഇടതുപക്ഷത്തിനെതിരായ വികാരമായിരുന്നില്ല ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചത്. ഇവയെല്ലാം പരിശോധിച്ച് തെറ്റുതിരുത്തി ഇടതുപക്ഷ പ്രസ്ഥാനം മുമ്പോട്ട് പോകുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."