കമ്മ്യൂണിസ്റ്റ് നേതാവിനെതിരായ പരാമര്‍ശത്തില്‍ 'മാപ്പ് 'പറഞ്ഞ് വി.ടി ബല്‍റാം
ആനക്കര: പി കെ ശശി എം.എല്‍.എക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകയായ സ്ത്രീ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അദ്ദേഹത്തെ സംരക്ഷിക്കുന്ന സി.പി.എം നേതൃത്വത്തേയും മൗനം പാലിക്കുന്ന ഇടത് യുവജന, മഹിളാ സംഘടനകളേയും പരിഹസിച്ചും എ.കെ.ജിയെ വിമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിച്ചും വി.ടി.ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഇങ്ങോട്ട് പ്രകോപിപ്പിച്ച ഒരാളോട് സാന്ദര്‍ഭികമായി നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ തന്നെ സ്ത്രീവിരുദ്ധനെന്ന് മുദ്രകുത്തി ആക്രമിച്ചവരുടെ സ്ത്രീപക്ഷ നിലപാട് ഇപ്പോള്‍ തിരിച്ചറിയുന്നു എന്ന് ബല്‍റാം പോസ്റ്റില്‍ പറയുന്നു. സി.പി.എം, ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഇടത് ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ക്കെതിരെ രൂക്ഷമായ പരിഹാസമാണ് പോസ്റ്റില്‍ ഉയര്‍ത്തുന്നത്.ഫേസ്ബുക്ക് പോസ്റ്റിന്റൈ പൂര്‍ണ്ണ രൂപം : ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തര്‍ക്കത്തിനിടയില്‍ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അതോടൊപ്പം 'ഒളിവുകാലത്തെ വിപ്ലവ പ്രവര്‍ത്തനം' എന്ന പരാമര്‍ശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകള്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ഇങ്ങോട്ട് പ്രകോപിപ്പിച്ചയാള്‍ക്ക് നല്‍കിയ മറുപടിക്കമന്റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവര്‍ത്തിക്കാനാഗ്രഹിക്കുന്നില്ലെന്നും അന്നു മുതല്‍ എത്രയോ തവണ വിശദീകരിച്ച ആ പരാമര്‍ശങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ഇപ്പോള്‍ പിന്‍വലിക്കുന്നു. ചരിത്രബോധമോ വര്‍ത്തമാനകാലബോധമോ ഇല്ലായ്മയില്‍ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്റെ ഓഫീസ് രണ്ട് തവണ തകര്‍ക്കുകയും നേരിട്ട് കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ട് മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയുമൊക്കെച്ചെയ്യാന്‍ ചില സംഘടനകള്‍ രംഗത്തിറങ്ങിയത് അവര്‍ക്ക് സ്ത്രീ സംരക്ഷണക്കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണക്കാര്യത്തിലുമുള്ള ആത്മാര്‍ത്ഥമായ താത്പര്യം മൂലമാണെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായത്.
എന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്‌ക്കാര സമ്പന്നവുമായ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബര്‍ സിപിഎമ്മുകാര്‍ക്കും, എന്നും എപ്പോഴും സമാന നിലപാടുകള്‍ ഉറക്കെപ്പറയാന്‍ ആര്‍ജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്‌ക്കാരിക നായകന്മാര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."