കെട്ടിടം പൊളിക്കുന്നതിനെ ചൊല്ലി തര്‍ക്കം: കണ്ണൂര്‍ ബൈപാസ് പ്രവൃത്തി വീണ്ടും മുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കിനു ചെറുതായെങ്കിലും പരിഹാരം കാണാന്‍ ആവിഷ്‌കരിച്ച കണ്ണൂര്‍ ബൈപാസ് പദ്ധതി പ്രവൃത്തി വീണ്ടും മുടങ്ങി.
ഇന്നലെ തയ്യില്‍ ജെ.ടി.എസ് റോഡില്‍ ദിനേശ്മുക്കിലെ ഒരു കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രവൃത്തി ഒരു സംഘമാളുകള്‍ തടസപ്പെടുത്തിയത്. ഓവുചാല്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ ഇരുമ്പുഷീറ്റ് അടിച്ചു വച്ചതെല്ലാം ചിലര്‍ വലിച്ചുമാറ്റി. തുടര്‍ന്ന് പൊലിസെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമൊഴിവായത്. മഴയെത്തും മുന്‍പ് ബൈപാസ് പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു കരാറുകാര്‍.
കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചതായും വെള്ളിയാഴ്ചയോടെ പ്രവൃത്തി പുനരാരംഭിക്കുമെന്നും കണ്ണൂര്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ശശിധരന്‍ പറഞ്ഞു. കണ്ണൂര്‍ ബൈപാസില്‍ പുതിയതെരുവ് സ്‌റ്റൈലോ കോര്‍ണര്‍ മുതല്‍ താഴെ ചൊവ്വ വരേയുള്ള പ്രവൃത്തിയും പുതിയതെവ് ഹൈവേ ജങ്ഷന്‍ മുതല്‍ കണ്ണൂര്‍ സിറ്റി വരെയുള്ള പ്രവൃത്തിയും കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയായിരുന്നു. അവസാന ഘട്ടമായി ജെ.ടി.എസ് മുതല്‍ കുറുവ പാലം വരെയുള്ള റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുന്ന പ്രവൃത്തിയാണ് നിരന്തരമായ തടസങ്ങളില്‍ ഇഴയുന്നത്. ഇനി രണ്ടരകിലോമീറ്റര്‍ പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. കെ.എസ്.ഇ.ബിയുടെ തൂണുകള്‍ മാറ്റാത്തതും പ്രവൃത്തി മുടങ്ങാന്‍ കാരണമായി. ഇത്തരം തടസങ്ങളെല്ലാം പരിഹരിച്ച് നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് കെട്ടിടങ്ങളും മതിലുകളും പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ചിലര്‍ തടസങ്ങള്‍ സൃഷ്ടിച്ചത്.
2016 ജനുവരിയിലാണ് 15 കോടിയോളം രൂപ ചെലവില്‍ കണ്ണൂര്‍ ബൈപാസ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."