ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ വിടാതെ സി.ബി.ഐ, പ്രതികളെ ചോദ്യം ചെയ്തില്ല: കുടുംബാഗങ്ങളെ വേട്ടയാടുന്നുവെന്നാരോപണം
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സി.ബി.ഐയും ലക്ഷ്യംവയ്ക്കുന്നുവെന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്തിരുന്ന സി.ബി.ഐ സംഘം, പിതാവിനെയും സഹോദരന്മാരെയും ഇന്നലെയും ചോദ്യം ചെയ്തു.
കേസന്വേഷണത്തിനായി ഹത്രാസില്‍ സി.ബി.ഐ താല്‍ക്കാലിക ഓഫിസ് തുറന്നിട്ടുമുണ്ട്. ഇവിടെവച്ചാണ് ഇന്നലെ പെണ്‍കുട്ടിയുടെ പിതാവിനെയും സഹോദരന്മാരെയും രണ്ടാമതും ചോദ്യം ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കളിലെ പുരുഷന്മാരെ ഈ ഓഫിസില്വച്ചും സ്ത്രീകളെ വീട്ടില്‍വച്ചും ചോദ്യം ചെയ്യുമെന്നാണ് സി.ബി.ഐ സംഘം വ്യക്തമാക്കുന്നത്.
അതേസമയം, കേസില്‍ പിടിയിലായി ജയിലിലുള്ള പ്രതികളെ സി.ബി.ഐ സംഘം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് വിവരം. കേസില്‍ തുടക്കത്തില്‍ ഇടപെട്ട പൊലിസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലിസ് കത്തിച്ചുകളഞ്ഞ സ്ഥലത്തും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സ്ഥലത്തും സി.ബി.ഐ സംഘം എത്തിയിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഇവിടെയെത്തിച്ച് തെളിവെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."