സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് പദ്ധതി: ദമ്പതികളായ ജീവനക്കാര്‍ നല്‍കിയ അപേക്ഷകള്‍ തള്ളാന്‍ സാധ്യത
ജാഫര്‍ കല്ലട
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീം ഫോര്‍ സ്റ്റേറ്റ് എംപ്ലോയിസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് (മെഡിസെപ്) പദ്ധതിയില്‍ നിരവധി അനര്‍ഹമായ അപേക്ഷകള്‍ കണ്ടെത്തി. ഭാര്യയും ഭര്‍ത്താവും, ഒരേ കുടുംബത്തില്‍ തന്നെ സര്‍ക്കാര്‍ ജോലിയുള്ളവരും വെവ്വേറെ അപേക്ഷകള്‍ നല്‍കിയത് മൂലം പല അപേക്ഷകളും തള്ളുമെന്നാണ് വിവരം. ഒരു കുടുംബത്തില്‍ ആശ്രിതരായി കാണിക്കുന്നവരെ മറ്റൊരു അപേക്ഷയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന നിര്‍ദേശം പാലിക്കാതെയാണ് നിരവധി അപേക്ഷകള്‍ ധനകാര്യ വകുപ്പിന് ലഭിച്ചത്. ഭര്‍ത്താവ് സര്‍ക്കാര്‍ സര്‍വിസിലുള്ള ഭാര്യയുടെയും ഒപ്പം മക്കളുടെയും പേര് ആനുകൂല്യം പറ്റുന്നതിന് ആശ്രിതരായി കാണിക്കുകയും, സര്‍വിസിലുള്ള ഭാര്യയും ഇതുപോലെ തിരിച്ചും ആശ്രിതരായി രേഖപ്പെടുത്തുകയും ചെയ്ത അപേക്ഷകളാണ് തള്ളുക.
വിവരങ്ങളില്‍ മാറ്റം വരുത്തുവാനുള്ള ഒരവസരം കൂടി നാളെ വരെ നല്‍കിയിട്ടുണ്ട്. നോഡല്‍ ഓഫിസര്‍മാര്‍ മുഖേന തിരുത്തലുകള്‍ നടത്താം. കൂടാതെ ചിലരുടെ അപേക്ഷകളില്‍ പെന്‍ഷന്‍ വാങ്ങുന്ന രക്ഷിതാക്കളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സര്‍വിസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ തിരുത്തലുകള്‍ വരുത്തുന്നുണ്ടെങ്കില്‍ ട്രഷറികളെയാണ് സമീപിക്കേണ്ടത്. ഒരു വീട്ടില്‍ തന്നെ സര്‍വിസ് പെന്‍ഷനോടൊപ്പം കുടുംബപെന്‍ഷന്‍ വാങ്ങുന്നവരുടേയും വിവരങ്ങള്‍ ഇത്തരത്തില്‍ അപേക്ഷയില്‍ ഉണ്ടെങ്കില്‍ റദ്ദാക്കണമെന്നും നിര്‍ദേശമുണ്ട്. 30ന് ശേഷം ഒരു തരത്തിലുള്ള ചേര്‍ക്കലുകളോ തിരുത്തലുകളോ അനുവദിക്കില്ലെന്നും കര്‍ശന മുന്നറിയിപ്പും ധനകാര്യ വകുപ്പ് നല്‍കിയിട്ടുണ്ട്.
ജൂണിലെ ശമ്പളത്തില്‍നിന്ന് തുക പിടിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ആരോഗ്യ പരിരക്ഷ ജൂണ്‍ മുതല്‍ തന്നെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ജീവനക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള അവസാന തിയതി ഈ മാസം 20 വരെയായിരുന്നു. തുടര്‍ന്ന് മെഡിസെപ് വെബ്‌സൈറ്റിലൂടെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. ഓരോ മാസവും ശമ്പളത്തില്‍നിന്ന് 250 രൂപയാണ് ആരോഗ്യ ഇന്‍ഷുറന്‍സിനായി സര്‍ക്കാര്‍ പ്രീമിയം തുക പിടിക്കുക.
മൂന്നുവര്‍ഷമാണ് പദ്ധതിയുടെ കാലാവധി. ഓരോ കുടുംബത്തിനും പദ്ധതി കാലയളവില്‍ പ്രതിവര്‍ഷം 2ലക്ഷം രൂപയുടെ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും. കൂടാതെ അവയവമാറ്റം ഉള്‍പ്പെടെയുള്ള ഗുരുതരരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് മൂന്നു വര്‍ഷക്കാലത്ത് ഒരു കുടുംബത്തിന് പരമാവധി ആറുലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. പ്രതിവര്‍ഷം 2ലക്ഷം രൂപ നിരക്കില്‍ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമേയായിരിക്കും ഇത്. ആറുലക്ഷം രൂപയുടെ അധിക പരിരക്ഷയും ചികിത്സാച്ചെലവിന് തികയുന്നില്ലെങ്കില്‍, ഇതിനു പുറമേ പോളിസി കാലയളവില്‍ പരമാവധി ഒരു കുടുംബത്തിന് മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനി പ്രതിവര്‍ഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും. ഇതില്‍ നിന്നായിരിക്കും ഈ അധിക സഹായം നല്‍കുക. ഔട്ട് പേഷ്യന്റ് ചികിത്സകള്‍ക്ക് നിലവിലുള്ള മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് സ്‌കീം തന്നെയായിരിക്കും തുടരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."