അയയാതെ രാഹുല്‍, നേതാക്കളെ കാണാനും കൂട്ടാക്കുന്നില്ല; പ്രിയങ്കയെ കാണാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: രാജിസന്നദ്ധത അറിയിച്ച് നാലുദിവസം പിന്നിട്ടിട്ടും അയയാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുമ്പോഴും രാജിയിലുറച്ച് നില്‍ക്കുകയാണ് അദ്ദേഹം. ഇന്നും ഇന്നലെ രാത്രിയുമായി അദ്ദേഹം നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് കൂട്ടാക്കിയില്ല. കൂടുതല്‍ സമ്മര്‍ദ്ധമുണ്ടായപ്പോള്‍ ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ കാണാനായിരുന്നു പ്രതികരണം. ഇന്നലെ പ്രിയങ്കാഗാന്ധി, അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സിങ് സുര്‍ജേവാല, കെ.സി വേണുഗോപാല്‍ എന്നിവരെ മാത്രമാണ് രാഹുല്‍ കാണാന്‍ കൂട്ടാക്കിയത്.
അധ്യക്ഷ സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയെ നിയോഗിക്കും വരെ ഈ സ്ഥാനത്ത് തുടരാമെന്നാണ് രാഹുല്‍ ഗാന്ധി അടുപ്പമുള്ളവരെ അറിയിച്ചത്. എന്തായലും അധ്യക്ഷപദവിയില്‍ തുടരാനില്ലെന്നും അറിയിച്ചു. ഗാന്ധി- നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായാണ് സൂചന. ജൂണ്‍ ആദ്യവാരം പാര്‍ട്ടി യോഗം വീണ്ടും ചേരും. ഈ യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് മുതിര്‍ന്ന നേതാക്കളും വിശ്വസിക്കുന്നത്.
രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കള്‍ അടക്കം അതിന് ശ്രമിക്കുന്നതായും ഡല്‍ഹി പി.സി.സി അധ്യക്ഷ ഷീലാ ദീക്ഷിത് പറഞ്ഞു. രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിയവയ്ക്കരുതെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ തുടരണമെന്ന് മുസ്‌ലിം ലീഗും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ലീഗ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രാഹുലിന് കത്തയച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. അശോക് ഗെലോട്ടും കമല്‍നാഥും പി.ചിദംബരവും പാര്‍ട്ടി കാര്യത്തേക്കാള്‍ മക്കള്‍ക്ക് സീറ്റ് ഉറപ്പിക്കുന്നതിനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."