മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യ വിടണമെന്ന നിര്‍ദേശം; ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ചൈനയുടെ ഭീഷണി
ബീജിങ്: മൂന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തകരുടെ വിസ നീട്ടിനല്കാന് വിസമ്മതിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ഭീഷണിയുമായി ചൈന. ഇക്കാര്യത്തില്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള പത്രത്തില്‍ പറയുന്നു.
ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) യില്‍ അംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത ചൈനയ്ക്കു നേരെ ഇന്ത്യയുടെ പ്രതികാരമെന്നാണ് നടപടിയെ കരുതുന്നതെന്ന് ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയലില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികാരത്തിനു തന്നെയാണ് ഇന്ത്യയുടെ നീക്കമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് പത്രത്തില്‍ പറയുന്നു.
ഡല്‍ഹി ബ്യൂറോ ചീഫ് വു ഖ്വിയാങ്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രണ്ട് റിപ്പോര്‍ട്ടര്‍മാരായ താങ് ലു, മാ ഖ്വിയാങ് എന്നിവരുടെ വിസാ കാലാവധി ഈ മാസം അവസാനിക്കുകയാണ്. ഇതു നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.
ഇന്ത്യയുടെ നടപടി നെഗറ്റീവ് സന്ദേശമാണ് നല്‍കുന്നത്. ഇത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള മാധ്യമ ആശയവിനിമയത്തിലും നെഗറ്റീവായി പ്രതിഫലിക്കുമെന്നും 'റിപ്പോര്‍ട്ടര്‍മാരെ ബഹിഷ്കരിക്കാനുള്ള നടപടി നിന്ദ്യം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."