ശരീരം 36 കഷണങ്ങളായി മുറിച്ചാലും ബി.ജെ.പിയില്‍ ചേരില്ല
അഹമ്മദാബാദ്: ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്ന ഊഹാപോഹങ്ങള്‍ ശക്തമായി നിഷേധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍. ശരീരം 36 കഷണങ്ങളായി മുറിച്ചാലും ബി.ജെ.പിയിലേക്കു പോവില്ലെന്ന് എം.എല്‍.എമാര്‍ പ്രഖ്യാപിച്ചു. 'എന്റെ ശരീരം 36 കഷണങ്ങളായി മുറിച്ചാലും ഞാന്‍ ബി.ജെ.പിയില്‍ ചേരില്ല- ജംഖംഭാലിയ എം.എല്‍.എ വിക്രം മാഡം പറഞ്ഞു. ഞാന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഭ്രാന്താണ്. ലേലം വിളിയില്‍ ഞാനില്ല. കഴിഞ്ഞ മൂന്നുദിവസമായി ഞാന്‍ എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുകയാണ്- ജംഖംഭാലിയ കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18 ചാനലിനോടാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എ ശിവഭായി ഭുരിയയും ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ചു. ഇതൊരു ഊഹാപോഹം മാത്രമാണെന്നും താന്‍ ഇതുവരെ ബി.ജെ.പിയില്‍ ചേര്‍ന്നില്ലെന്നും കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
താക്കൂര്‍ നേതാവ് അല്‍പേഷ് താക്കൂര്‍ അടക്കം ഗുജറാത്തിലെ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇതിനകം പാര്‍ട്ടി വിട്ടിട്ടുണ്ട്. കൂടുതല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉടന്‍ പുറത്തുപോവുമെന്നും അദ്ദേഹം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് വിട്ടേക്കാവുന്ന ചില എം.എല്‍.എമാരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.
ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചാണ് ഇന്നലെ പാര്‍ട്ടി എം.എല്‍.എമാര്‍ രംഗത്തുവന്നത്. ഗുജറാത്തില്‍ രണ്ടു രാജ്യസഭാ സീറ്റുകളുടെ ഒഴിവുകളാണ് വരാനിരിക്കുന്നത്. ഇതിലേക്കു വിജയം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ചാക്കിട്ടുപിടിത്തം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."