തിരികെ 'സ്വര്‍ഗ'ത്തിലേക്ക്...
എന്താ, എന്തുപറ്റി?'
എന്റെ ചോദ്യംകേട്ട് പരിചയഭാവത്തിലെന്നപോലെ ഡ്രൈവര്‍ ഒന്നു നോക്കി.
'എന്തുപറ്റാന്‍, കാണുന്നില്ലേ.., ബോംബ് പൊട്ടുന്നത്...?'
അടുത്തുതന്നെ, കണ്‍മുന്നില്‍ അല്ലെങ്കില്‍ കാല്‍ച്ചുവട്ടില്‍ ഭീകരാക്രമണം നടക്കുന്നതിനെ ഇത്രയും നിര്‍വികാരതയോടെ അടയാളപ്പെടുത്താന്‍ മനസിനെ പാകപ്പെടുത്തേണ്ടിവന്നൊരു ജനത!.
ഇറാഖിന്റെയും സിറിയയുടേയും ഗ്രാമങ്ങളില്‍, നഗരങ്ങളില്‍, സ്വന്തം വീടുകള്‍ക്കുള്ളില്‍പോലും സുരക്ഷിതരല്ലെന്ന ബോധ്യത്തോടെ ജീവിച്ചുതീര്‍ക്കുന്നവര്‍. ഒരുകാലത്ത് ലോകത്തിന്റെ സാംസ്‌കാരിക നിയന്ത്രണം കൈപ്പിടിയിലായിരുന്ന നഗരങ്ങളിന്ന് തിരിച്ചറിയാനാകാത്ത ചരിത്രശേഷിപ്പുകളുടെ കുപ്പത്തൊട്ടിയായി മാറി. ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും നദിക്കരകള്‍ക്കിന്ന് പഴയ മോടിയോ, അഭിമാനബോധമോ ഇല്ല. അവയുടെ കരകളില്‍ മന്ദമാരുതനൊപ്പമിരിക്കാന്‍ പ്രണയങ്ങളില്ല. ഇടിഞ്ഞുപൊളിഞ്ഞ് വെടിയുണ്ടകളേറ്റ് പടവുകല്ലുകളുടെ ഇരട്ടിയിലധികമെങ്കിലും തുളകള്‍വീണ കെട്ടിടങ്ങള്‍, സാംസ്‌കാരികപൈതൃക നഗരങ്ങളിലെ സ്ഥിരതയോ പ്രതീക്ഷയോ ഇല്ലാത്ത ജീവിതങ്ങള്‍, ഇളംകാറ്റിനുപോലും വെടിമരുന്നിന്റെ ഗന്ധം... ഇറാഖും സിറിയയുമൊക്കെ എന്തുകൊണ്ടിങ്ങനെയായിപ്പോയി?.
'ദാഇശി'ല്‍ റഫീഖും അഷ്‌ക്കറും സഞ്ചരിക്കുന്ന ഊടുവഴികളടങ്ങിയ പാതകള്‍ നിങ്ങളെയും അത്ഭുതപ്പെടുത്തും.
നോവലിലെത്തിയ വഴി
'നിങ്ങള്‍ ബഗ്ദാദിലൂടെ ഇറാഖ്കടന്നു സിറിയയില്‍ പോയിട്ടുണ്ടോ?' പുസ്തകം വായിക്കുമ്പോള്‍, വായിച്ചുതീരുമ്പോഴെങ്കിലും എഴുത്തുകാരനോട് മനസുകൊണ്ടെങ്കിലും വായനക്കാരന്‍ അതു ചോദിച്ചിരിക്കും. കാരണം, സഞ്ചാരസാഹിത്യംപോലെ കൃത്യവും വ്യക്തവുമായൊരു റൂട്ട്മാപ്പ് ഈ നോവലിനുണ്ട്.
എന്നാല്‍, 'ഇല്ല' എന്നു മാത്രമാണ് അദ്ദേഹത്തിന്റെ മറുപടി.
'എങ്കില്‍, ദാഇശില്‍ പോയ ആരെയെങ്കിലും പരിചയം കാണും'.
'അതുമില്ല'.
'പിന്നെങ്ങനെ...?'
തൃപ്തനായൊരു വായനക്കാരന്റെ ജിജ്ഞാസയില്‍നിന്നുയരുന്ന ഈ ചോദ്യത്തിന്,
'വര്‍ഷങ്ങളായി വാര്‍ത്തകള്‍ക്കൊപ്പമുള്ള ജീവിതമാണെന്റേത് 'എന്നാണ് എഴുത്തുകാരന്റെ മറുപടി.
ഐ.എസ് എന്ന ദുരൂഹതയുടെ വാര്‍ത്തകള്‍, 'സ്വാതന്ത്ര്യം' തേടി ആ ദുരൂഹതയിലേക്ക് പോയെന്നു പറയപ്പെടുന്ന മലയാളികളെക്കുറിച്ചുള്ള വിവരണങ്ങള്‍, അവരുടെ കുടുംബം, സ്വഭാവം, ഐ.എസിന്റേതായി കേട്ടും വായിച്ചുമറിഞ്ഞ രീതി, പ്രണയം, വിരഹം... ഇവയ്‌ക്കൊപ്പം രചനാവൈഭവംകൂടി ആ ഊടുവഴികളിലൂടെ സഞ്ചരിച്ചതിന്റെ ആകെത്തുകയാണ് 'ദാഇശ് '.
ഭരണകൂട ഭീകരത, അസ്ഥിരത, അധിനിവേശം എന്നിവയിലേക്കുള്ള യാത്രയ്‌ക്കൊപ്പം, ചില ചോദ്യങ്ങള്‍ ഉന്നയിച്ചും ചില യാഥാര്‍ഥ്യങ്ങള്‍ അടയാളപ്പെടുത്തിയും ചില തെറ്റിദ്ധാരണകള്‍ ഉറക്കെ തിരുത്തിപ്പറഞ്ഞുമാണ് റഫീഖ് തന്റെ പ്രണയത്തിലേക്കുതന്നെ തിരികെയെത്തുന്നത്. വീണ്ടും ബഹുസ്വരതയെ കൂടെക്കൂട്ടുന്നത്.
കഥാന്വേഷണം
ഒരു വാര്‍ത്താപരമ്പരയാകേണ്ടിയിരുന്ന ഇതിവൃത്തം, വാര്‍ത്താപ്രാധാന്യമുള്ളപ്പോള്‍തന്നെ കൃത്യമായ വിവരങ്ങളുടെ അഭാവത്തില്‍ ഒരു നോവലായി പരിണമിക്കുന്നു. വാര്‍ത്തകളിലൂടെ, ജേണലുകളിലൂടെ, അഭിമുഖങ്ങളിലൂടെ, പുസ്തകങ്ങളിലൂടെ, വീഡിയോകളിലൂടെ, സിനിമകളിലൂടെയൊക്കെയാണ് രചയിതാവ് ഇറാഖും സിറിയയും 'സന്ദര്‍ശി'ച്ചത്. ആ അന്വേഷണമധ്യേ വന്ന, കേരളത്തില്‍നിന്ന് ഐ.എസിലെത്തിയ... എന്നു തുടങ്ങുന്ന വാര്‍ത്താഹെഡുകളാണ് നോവലിന്റെ പിറവിയിലേക്കു നയിച്ചതെന്നു രചയിതാവ് പറയുന്നു. പിന്നീട്, ആ മലയാളികള്‍ക്കു പിന്നാലെ മനസുകൊണ്ട് ദാഇശില്‍ പോയിവരികയായിരുന്നു, അവിടുത്തെ ക്രൂരതകള്‍ കണ്ടനുഭവിക്കുകയായിരുന്നു. മുന്‍പു നടത്തിയ അന്വേഷണങ്ങളിലേക്കു സ്വന്തമായൊരു കഥകൂടി സന്നിവേശിപ്പിച്ചതാണ് ഈ പുസ്തകം. പലതരം ചിന്താഗതികളിലൂടെ, പല രാജ്യങ്ങളിലുള്ളവരുടെ ജീവിതങ്ങളിലൂടെ, ചരിത്രത്തെക്കൂടി കൂട്ടുപിടിച്ചുള്ള യാത്ര. ഭരണകൂടങ്ങളുടെ ഫാസിസവും, തകര്‍ച്ചയും, അതിലൂടെ രാജ്യത്തു മുളപൊട്ടുന്ന അരാജകത്വവും അവയിലൂടെ ജനങ്ങളനുഭവിക്കുന്ന കെടുതികളും പച്ചയായി ചിത്രീകരിക്കുമ്പോഴും, പരിതസ്ഥിതിയിലും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള മാനുഷിക വികാരമുണ്ട് ഈ രചനയില്‍. പുറമേയ്ക്കു പറയുന്നത് എന്തൊക്കെ ലക്ഷ്യങ്ങളായിരുന്നാലും, അവയൊക്കെ സൗകര്യപൂര്‍വം മറക്കുകയോ തങ്ങള്‍ക്കുവേണ്ടി മാത്രം തിരുത്തിയെഴുതുകയോ ചെയ്യുന്ന ദുരൂഹതകളിലൂടെയാണ് യാത്ര.
രചയിതാവ് പറയുന്നപോലെ ചില വാര്‍ത്തകള്‍ വിട്ടുപോകാതെ ദിവസങ്ങളോളം പിന്തുടരും, ചിലതു ദിവസങ്ങളോളം കസേര വലിച്ചിട്ടിരുന്നു സംസാരിക്കും, ചിലതു കരയിലേക്കിട്ട മീനുകളെപ്പോലെ പിടയ്ക്കും, ചിലത് അഭിമാനംകൊണ്ട് തലയുയര്‍ത്തി നില്‍ക്കും, മറ്റു ചിലതിനു സങ്കടംകൊണ്ട് കരച്ചില്‍ വരും, 'എന്നെപ്പിടിക്കാന്‍ നീയാരാണെ'ന്നു ചോദിക്കുന്നവയുമുണ്ട് കൂട്ടത്തില്‍. അങ്ങനെ ചോദിച്ചു മുഖംതിരിച്ചു പിടികൊടുക്കാതിരുന്ന അനേകം തലക്കെട്ടുകളായിരിക്കാം രൂപംമാറി ഈ നോവലിലലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."