അതിര്‍ത്തിയടച്ചപ്പോള്‍ ഹൃദയംതുറന്ന് ഒരു നാടിന്റെ അതിജീവനം
അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരത്ത് മാത്രം ഇരുനൂറോളം വൃക്കരോഗികളാണ് ഉള്ളത്. മണ്ഡലത്തില്‍ ഡയാലിസിസ് സൗകര്യം ഇല്ലാത്തതിനാല്‍ ഇവരില്‍ 90 ശതമാനത്തോളം പേരും മംഗളൂരുവിലെ മെഡിക്കല്‍ കോളജുകളേയും സ്വകാര്യ ആശുപത്രികളേയുമാണ് ചികിത്സയ്ക്കായി ആശ്രയിച്ചിരുന്നത്. ബാക്കിയുള്ളവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളെയും. ചികിത്സയുടെ അതിര്‍ത്തികള്‍ അടഞ്ഞാല്‍ ഇനിയുമൊരു ജീവനെ മരണത്തിന് വിട്ടുകൊടുക്കാനാവില്ല എന്ന ചിന്തയിലായി മഞ്ചേശ്വരത്തുകാര്‍. അങ്ങനെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍കൈയില്‍ നാട്ടുകാര്‍ അണിനിരന്നപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറായത് 90 പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്ന ഡയാലിസിസ് സെന്റര്‍.
രണ്ട് വര്‍ഷം മുന്‍പ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ഇത്. കൊവിഡ് കാലത്ത് അതിര്‍ത്തി അടഞ്ഞതോടെ നിരവധി ജീവനുകള്‍ പൊലിഞ്ഞ സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സ്ഥലം എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ വേഗത്തിലാക്കി പദ്ധതി യാഥാര്‍ഥ്യമാക്കുകയായിരുന്നു. സെപ്റ്റംബര്‍ 22 മുതലാണ് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ നാട്ടുകാരുടെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.
പ്രൊപ്രൈറ്റേര്‍സ്- നാട്ടാര്
സര്‍ക്കാരിന്റെ സഹായത്തിന് കാത്തിരിക്കാതെ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്തെ ജനങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഒരുക്കാനായി ഒരേ മനസോടെ മുന്നോട്ടുവരികയായിരുന്നു. നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക നിയമാവലിയോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി മഞ്ചേശ്വരം ചാരിറ്റബള്‍ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. ജനപ്രതിനിധികളുള്‍പ്പെടെ രാഷ്ടീയഭേദമില്ലാതെ നാട്ടിലെ 250 പേരെ ഉള്‍പ്പെടുത്തിയാണ് സൊസൈറ്റി. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകള്‍ക്കായുള്ള പണം നല്‍കുന്നത് ഈ നാട്ടുകാരാണ്. ഒരാള്‍ മാസം ആയിരം രൂപ വീതം ഇതിനായി മാറ്റിവയ്ക്കും. മൂന്നര ലക്ഷം രൂപയാണ് ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിനായി ഒരു മാസം ആവശ്യമായി വരിക.
ബ്ലോക്ക് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും ഡയാലിസിസ് സെന്ററിനായി മാറ്റിവച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 7 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 5 ലക്ഷം രൂപ വീതം ഇതിനായി അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാല്‍ അതിനായി കാത്തിരിക്കുകയാണ്.
10 ജീവനക്കാരാണ് ഡയാലിസിസ് സെന്ററില്‍ ഉള്ളത്. ഇതില്‍ രണ്ട് സ്റ്റാഫ് നേഴ്‌സുമാരെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്ന് കലക്ടര്‍ ഇടപെട്ട് നിയമിച്ചതാണ്. നെഫ്രോളജിസ്റ്റിന്റെ ശമ്പളം ഒരു വര്‍ഷത്തേക്ക് നല്‍കുന്നത് ഡയാലിസിസ് മെഷീനുകള്‍ സൗജന്യമായി നല്‍കിയ വ്യവസായി ലത്തീഫ് ഉപ്പള ഗേറ്റ് തന്നെയാണ്.
മഞ്ചേശ്വരത്തിന്റെ
'റദ്ദുച്ച'യുടെ പേരില്‍
ക്യാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്കായി എം.എല്‍.എ ഹോണറേറിയം അടക്കം മാറ്റിവച്ച മഞ്ചേശ്വരം മുന്‍ എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖി (റദ്ദുച്ച)ന്റെ സ്മരണാര്‍ഥം പി.ബി അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആസ്തി വികസന ഫണ്ടില്‍ നിന്നും അദ്ദേഹം 50 ലക്ഷം രൂപ അനുവദിച്ചാണ് ഡയാലിസിസ് സെന്ററിനുള്ള കെട്ടിടം ഒരുക്കിയത്. മരിക്കുന്നതിന് ഒരാഴ്ച മുന്‍പായിരുന്നു അദ്ദേഹം ഇതിനായി ഒപ്പുവച്ചത്.
പ്രവാസി വ്യവസായി അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് 80 ലക്ഷം രൂപയോളം മുടക്കി പത്ത് ഡയാലിസിസ് മെഷീനുകള്‍ സൗജന്യമായി നല്‍കി. വൈദ്യുതീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപയോളം ചെലവഴിച്ചു. ആര്‍.ഒ പ്ലാന്റ്, ഇരിപ്പിട സൗകര്യം എന്നിവയെല്ലാം ഒരുക്കിയത് എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ്. രോഗികള്‍ക്കുള്ള കിടക്ക, കട്ടില്‍ എന്നിവയെല്ലാം കാസര്‍കോട് വികസന പാക്കേജില്‍ നിന്നും ജില്ലാ കലക്ടര്‍ ലഭ്യമാക്കി. വിവിധ കൂട്ടായ്മകളും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി. 2.19 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
പാവപ്പെട്ടവര്‍ക്ക് സൗജന്യം
ബി.പി.എല്‍ വിഭാഗം, എസ്.സി, എസ്.ടി തുടങ്ങിയ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് 100 രൂപയാണ് ഡയാലിസിസിന് ഈടാക്കുക. ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 90 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇവിടുത്തെ സേവനം ലഭിക്കുന്നത്.
250 രൂപയായിരുന്നു ഡയാലിസിസിന് നിശ്ചയിച്ചിരുന്നതെന്നും അതുപോലും നല്‍കാന്‍ സാധിക്കാത്തവരുടെ ദുരിതം ശ്രദ്ധയില്‍പ്പെട്ടതോടെ ആദ്യ ആഴ്ചയ്ക്ക് ശേഷം ഭരണസമിതി യോഗം ചേര്‍ന്ന് 100 രൂപയായി തുക കുറയ്ക്കുകയായിരുന്നുവെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് പറഞ്ഞു. ബ്ലോക്ക് പരിധിയില്‍ നിരവധി വൃക്ക രോഗികളാണ് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം മംഗളൂരുവിലേക്കടക്കം ബുദ്ധിമുട്ടുകള്‍ സഹിച്ച് ഡയാലിസിസിനായി പോയിരുന്നത്. സര്‍ക്കാരിന്റെ അനുമതികള്‍ക്കും ആശുപത്രികള്‍ക്കുമായി കാത്തിരുന്ന് ഇനിയും ജീവനുകള്‍ പൊലിയാന്‍ പാടില്ലെന്ന തീരുമാനത്തിലാണ് ജനപങ്കാളിത്തത്തോടെ ഡയാലിസിസ് സെന്റര്‍ യാഥാര്‍ഥ്യമാക്കിയത്. ആറ് മാസത്തിനുള്ളില്‍ സഹായമനസ്‌കരുടെ സഹകരണത്തോടെ 10 മെഷീനുകള്‍ കൂടി സജ്ജമാക്കി കൂടുതല്‍ പേര്‍ക്ക് ചകിത്സാ സൗകര്യം ഒരുക്കാനാണ് ലക്ഷ്യമെന്ന് അഷ്‌റഫ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."