കൊവിഡ്: കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെതിരായ കുറ്റപത്രം- രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച പറ്റിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍റെ വിലയിരുത്തല്‍ സംസ്ഥാനത്തിന്‍റെ യഥാര്‍ഥ ചിത്രം പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് കേന്ദ്ര ആരോഗ്യമന്ത്രിയും പറയന്നത്. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെടുകയാണുണ്ടായത്.
വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ്യ ബോധത്തോടെ കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. കൊവിഡ് പ്രതിരോധത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് വരുത്തി തീര്‍ക്കാന്‍ ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗവ്യാപനം മറച്ചു വയക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അത് കാരണം നിശബ്ദമായി രോഗം സമൂഹത്തില്‍ പടര്‍ന്നു പിടിക്കുകയാണ് ചെയ്തത്.
ഈ യാഥാര്‍ത്ഥ്യം പുറത്തറിയാതിരുന്ന ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുക കൂടി ചെയ്തതോടെ സ്ഥിതി വഷളായി. ഇന്ത്യയില്‍ തന്നെ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും പ്രതിരോധ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മികച്ച പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. അതിനാല്‍ ഫലപ്രദമായി കൊവിഡ് വ്യാപനത്തെ തടയാന്‍ കേരളത്തിന് കഴിയേണ്ടതായിരുന്നു. പക്ഷേ കൊവിഡ് വ്യാപനം തടയുന്നതിന് പകരം വീമ്പു പറയാനും ഇത് തന്നെ അവസരമെന്ന മട്ടില്‍ അഴിമതി നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിന്‍റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. ഇനിയെങ്കിലും വീമ്പുപറച്ചില്‍ അവസാനിപ്പിച്ച് കൊവിഡ് വ്യാപനം തടയുന്നതിനുള്ള ക്രയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."