HOME
DETAILS

അയല്‍പക്ക ബന്ധം: മോദി അയയുന്നോ?

  
backup
October 18 2020 | 20:10 PM

546546541-3-2020

നാം കണ്ടും കേട്ടും കൊണ്ടുമിരിക്കുന്ന പല വാര്‍ത്തകളുടെയും പൊരുളുകള്‍ പുറമെ മനസിലാക്കപ്പെടുന്ന കാര്യങ്ങള്‍ തന്നെ ആയിരിക്കണമെന്നില്ല. പ്രത്യേകിച്ചും സമീപകാലത്ത് ഇന്ത്യയുടെ ഉത്തരാതിര്‍ത്തിയുമായും അയല്‍രാജ്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങളിലൂടെ വരുന്ന വിവരങ്ങള്‍. പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഇന്ത്യയുടെ ഭാഗത്തു നിന്നും ശ്രമം ആരംഭിച്ചതായി പോയവാരം പ്രത്യക്ഷപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുക. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ഉപദേഷ്ടാവ് മുഈദ് യൂസുഫ് ആണ് ഇന്ത്യ ഈ ആവശ്യവുമായി ഇസ്‌ലാമാബാദിനെ സമീപിച്ച വിവരം പുറത്തുവിട്ടത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള നിലപാടുകള്‍ പരിശോധിച്ചാല്‍ ഇങ്ങനെയൊരു നീക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ അത്ഭുതം എന്ന വാക്കിന്റെ അവസാനത്തെ സാധ്യതയില്‍ പോലും പെടുത്താനാവുന്ന ഒന്നായിരിക്കില്ല അത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒന്നിനു പുറകെ മറ്റൊന്നായി ഏതാണ്ടെല്ലാ അയല്‍രാജ്യങ്ങളുമായും ഇന്ത്യയുടെ ബന്ധം ദുര്‍ബലമായി വരുന്നതാണ് ചിത്രം. ഏറ്റവുമൊടുവില്‍ നേപ്പാള്‍ പോലും ഇന്ത്യയുമായി പരസ്യമായി ഇടഞ്ഞു. പാകിസ്താനുമായുള്ള ബന്ധമായിരുന്നു കൂട്ടത്തില്‍ ഏറ്റവും വഷളായത്. സ്വാഭാവികമായും പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യ നിഷേധിച്ചു. അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല മുഈദിന്റെ പ്രസ്താവനയെന്നും അത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണെന്നും തെറ്റിദ്ധാരണാജനകമാണെന്നുമാണ് വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചത്. എങ്കിലും 'ഔദ്യോഗികമായി നിഷേധിക്കപ്പെടുന്നതുവരെയും ഒന്നും അന്തിമമായി ശരിയല്ല' എന്ന നയതന്ത്ര മേഖലയിലെ പ്രശസ്തമായ വാചകത്തെയാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ രണ്ടു ദിവസങ്ങള്‍ക്കു ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് ഓര്‍മിപ്പിച്ചത്.


അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ എന്ന വാക്കിനാണ് ശ്രീവാസ്തവ ഊന്നല്‍ കൊടുത്തതെന്നു തോന്നും. പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യ നിര്‍ബന്ധിതമാകുന്ന ചില സാഹചര്യങ്ങളുണ്ടെന്ന് വരുന്നത് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന പല നിലപാടുകളെയും നിരാകരിക്കുന്നുണ്ടാവണം. കശ്മിര്‍, ലഡാക്ക്, അരുണാചല്‍ പ്രദേശ്, പാകിസ്താന്‍, ചൈന, ഗില്‍ഗിത്ത്-ബാല്‍ട്ടിസ്താന്‍ തുടങ്ങി നിരവധി ഭൗമ രാഷ്ട്രീയ സംജ്ഞകള്‍ ഒന്നിച്ചുവരുന്ന സമസ്യയാണ് ഇപ്പോഴത്തേത്. അതിലെല്ലാമടങ്ങിയ രാഷ്ട്രീയമാണോ അതോ വസ്തുതകളാണോ ഉണ്ടെന്ന് പാകിസ്താനും ഇല്ലെന്ന് ഇന്ത്യയും പറയുന്ന ചര്‍ച്ചയുടെ മൂലകാരണം? നിലവിലെ നിഷേധക്കുറിപ്പ് താല്‍ക്കാലികമായ ഒരു നിലപാടു മാത്രമായിരുന്നെന്ന് വരും ദിവസങ്ങള്‍ തെളിയിക്കാനാണ് സാധ്യത. നന്നെ ചുരുങ്ങിയത് ബിഹാര്‍ തെരഞ്ഞെടുപ്പു വരെയെങ്കിലും നിഷേധക്കുറിപ്പുകള്‍ തുടര്‍ന്നേ മതിയാകൂ. അതല്ലെങ്കില്‍ മോദിയുടെ സവിശേഷമായ ബാഹുബലി പ്രതിച്ഛായയെ ചുറ്റിപ്പറ്റി വോട്ടു ചോദിക്കാനിറങ്ങുന്ന ബി.ജെ.പിക്ക് താഴെത്തട്ടില്‍ കാലിടറിയേക്കും.


അങ്ങനെ വരുമ്പോള്‍ ആസന്നഭാവിയില്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ചാമുറിയില്‍ ഒന്നിച്ചിരിക്കുമെന്നാണോ കരുതേണ്ടത്? രാഷ്ട്രീയമല്ല രാജ്യമാണ് വലുതെങ്കില്‍ ഇരിക്കേണ്ടി വരും എന്നാണ് സത്യസന്ധമായ ഉത്തരം. എന്തുകൊണ്ട് എന്നല്ലേ? ഇപ്പോഴത്തെ അവസ്ഥയില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക എന്നത് ഇന്ത്യക്കും പാകിസ്താനും സുപ്രധാനമാണ്. മുഈദ് യൂസുഫ് അവകാശപ്പെടുന്നത് മുഖവിലക്കെടുത്താല്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യ അങ്ങോട്ടു പോയി എന്നാണ് മനസിലാക്കേണ്ടത്. പാകിസ്താന്‍ പക്ഷം ചില ഉപാധികള്‍ മുന്നോട്ടു വെച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്. കശ്മിരിന്റെ കാര്യത്തില്‍ 370ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടതായി സൂചനകളില്ലെങ്കിലും മറ്റു സംസ്ഥാനക്കാരെ അവിടെ കുടിയിരുത്താനുള്ള നീക്കം ഇന്ത്യ ഉപേക്ഷിക്കണമെന്നും സംസ്ഥാനത്തെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും ഇസ്‌ലാമാബാദ് ഉന്നയിച്ച ആവശ്യങ്ങളുടെ പട്ടികയിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വീട്ടു തടങ്കലില്‍ കഴിഞ്ഞ മഹ്ബൂബാ മുഫ്തി മോചിതയാകുന്നതിന്റെ ഒരു ദിവസം മുമ്പെയാണ് മുഈദ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മറുഭാഗത്ത് പാകിസ്താനും പതിവില്ലാത്ത വിധം വിവേകത്തിന്റെ ഭാഷ സംസാരിക്കുന്നുണ്ട്. രണ്ട് മുതിര്‍ന്ന വ്യക്തികളെ പോലെ ഇന്ത്യയും പാകിസ്താനും കശ്മിരിനെ കുറിച്ചും ഭീകരതയെ കുറിച്ചും ഒരേസമയം ചര്‍ച്ചകള്‍ നടത്തണമെന്ന് മുഈദ് പറയുമ്പോള്‍ എവിടെയോ ഒരല്‍പ്പം ആശയക്കുഴപ്പം ബാക്കിയാവുന്നുണ്ട്. ഇത്രയും കാലം അടച്ചു നിഷേധിച്ച ഇന്ത്യയുടെ ഒരു സുപ്രധാന ആവശ്യത്തെ കുറിച്ചു കൂടിയാണ് ചര്‍ച്ചക്കൊരുക്കമാണെന്ന് പാകിസ്താന്‍ പറയുന്നത്. അങ്ങനെ ഇരുപക്ഷവും അയയുകയും സൗമ്യത കാണിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന് വിശാലമായ അര്‍ഥതലങ്ങളുണ്ട്. ഒന്നുകില്‍ പാകിസ്താനും ആഭ്യന്തരമായി രാഷ്ട്രീയ സമ്മര്‍ദത്തിലാണ്. അല്ലെങ്കില്‍ വിശാലമായ അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ ഇരു രാജ്യങ്ങളുടെയും മുകളില്‍ ഉണ്ടാവുന്നുണ്ട്.


ചൈനക്കുമുണ്ട് എവിടെയോ ഒരു പങ്ക്. ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷങ്ങള്‍ അന്ത്യമില്ലാതെ തുടരുന്നതിനിടെയാണ് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത് അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലീജിയാന്‍ പ്രസ്താവനയിറക്കിയത്. അക്‌സായി ചിന്നിനും ബാല്‍ട്ടിസ്താനുമിടയില്‍ ലഡാക്കിനെ പകുത്ത് പുതിയൊരു പ്രവിശ്യ കൈപ്പിടിയില്‍ ഒതുക്കുകയാണ് അവരുടെ ലക്ഷ്യമെന്നാണ് സൂചന. അതിര്‍ത്തിയില്‍ സര്‍വായുധ സജ്ജരാക്കി പിപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ വിന്യസിച്ചതായും മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ട്. സൗത്ത് ചൈനാ സമുദ്രത്തില്‍ അമേരിക്കന്‍ പടയാളികളുടെ സാന്നിധ്യം കുത്തനെ വര്‍ധിപ്പിച്ചതും ഇക്കഴിഞ്ഞ മാസമാണ്. ചൈനക്കെതിരേയുള്ള അന്താരാഷ്ട്ര വാണിജ്യ സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഒപ്പം മോദിയെ സമാശ്വസിപ്പിക്കുന്നതിനും ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടതാവാം ഇത്. ഒപ്പം മറ്റു ചില സംഭവ വികാസങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ബലൂചിസ്താന്‍ തീരപ്രദേശത്തേക്ക് എത്തിച്ചേരുന്ന രീതിയില്‍ ചൈനയിലെ ഷിന്‍ജിയാങ് നഗരത്തില്‍ നിന്നും ആരംഭിക്കുന്ന സീപെക്ക് റോഡ് കടന്നു പോകുന്നത് ഗില്‍ഗിത്ത് - ബാല്‍ട്ടിസ്താന്‍ മേഖലയിലൂടെയാണ്. ഈ മേഖലയില്‍ ജനങ്ങളെ കയ്യിലെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടക്കാലത്ത് ആരംഭിച്ച ശ്രമം മുന്നില്‍ കണ്ട് ചൈന വന്‍തോതില്‍ നിക്ഷേപമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ നടത്തിവരുന്നത്. ഡയാമര്‍ - ബാഷാ ഡാം ഉദാഹരണം. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ഗില്‍ഗിത്തിനെ തങ്ങളുടെ അഞ്ചാമത്തെ പ്രവിശ്യയാക്കി മാറ്റിയെടുക്കാനും ഈ നവംബറില്‍ അവിടെ തെരഞ്ഞെടുപ്പ് നടത്താനും പാകിസ്താന്‍ ഒരുങ്ങുന്നുണ്ട്. ഭൗമനയതന്ത്ര മേഖലയില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഈ നീക്കം. 87 ബില്യണ്‍ ഡോളറാണ് സീപെക് റോഡിനായി വകയിരുത്തിയ തുക. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ വിദേശനിക്ഷേപം പാകിസ്താന്‍ സ്വീകരിച്ചതിനു ശേഷം മേഖലയിലെ തീവ്രവാദി ഗ്രൂപ്പുകളുടെ കാര്യത്തില്‍ അവര്‍ പിന്നാക്കം പോവുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഈ അവസരം മുതലെടുത്താണ് ഇന്ത്യ 370ാം വകുപ്പ് റദ്ദാക്കിയതും. പക്ഷേ ലഡാക്കിന്റെ കാര്യത്തില്‍ അത് ചൈനയെ ചൊടിപ്പിക്കുകയാണ് ചെയ്തത്.


സീപെക് റോഡ് ചൈനയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവനാഡി കൂടിയാണ്. സമുദ്രപാതകളിലൂടെ ചരക്കുകള്‍ പുറംലോകത്തേക്കെത്തിക്കാന്‍ ആഴ്ചകളുടെ വഴിദൂരം താണ്ടാനുള്ള ചൈനക്ക് ഈ റോഡിലൂടെ സ്വപ്നതുല്യമായ വേഗതയിലാണ് സ്വന്തം ഉല്‍പ്പന്നങ്ങളെ ഗ്വാദര്‍ തുറമുഖത്തേക്ക് എത്തിക്കാനാവുക. പാകിസ്താന്‍ സൈന്യത്തിനാണ് ഈ ഇടനാഴിയുടെ സംരക്ഷണ ചുമതല. കശ്മിരിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി സൈന്യത്തിന് കോടികള്‍ നീക്കിവയ്‌ക്കേണ്ടി വരുന്ന ബാധ്യതയില്‍ നിന്നും പാക് സര്‍ക്കാര്‍ മോചനം നേടുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. മേഖലയിലെ പട്ടാളത്തെ ഇനിമുതല്‍ ചൈന തീറ്റിപ്പോറ്റും. സമീപകാലത്ത് ഇന്ത്യക്കെതിരേ ചൈന കൃത്യമായ നിലപാടെടുക്കുന്നതിന്റെ മൂലകാരണങ്ങളിലൊന്ന് സീപെക് റോഡാണ്. ചൈനക്കു വേണ്ടി തികച്ചും വൃത്തികെട്ട വിട്ടുവീഴ്ചകളും ഇസ്‌ലാമാബാദിന് പകരം ചെയ്തുകൊടുക്കേണ്ടി വരുന്നുണ്ട്. ഉയിഗൂര്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച ചോദ്യത്തില്‍ നിന്നും മുഈദ് യൂസുഫ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഉയിഗൂരില്‍ നിന്നും വിവാഹം കഴിച്ച സ്വന്തം പൗരന്‍മാരെ ചൈന തടവലിട്ട കാര്യത്തിലടക്കം ഇസ്‌ലാമാബാദ് ഈയിടെയായി മിണ്ടുന്നില്ല.


മറുഭാഗത്ത് ഗില്‍ഗിത്ത് - ബാള്‍ട്ടിസ്താന്‍ മേഖല പാകിസ്താന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ വരുന്നത് കശ്മിരിലെ ഉഗ്രവാദികള്‍ പോലും അംഗീകരിക്കുന്നില്ല. ഇക്കാര്യത്തില്‍നിന്ന് പിന്‍വാങ്ങണം എന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് സയ്യിദ് അലിഷാ ഗീലാനി മൂന്നു വര്‍ഷം മുമ്പെ കത്തെഴുതുകയുമുണ്ടായി. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനെയും ഇന്ത്യന്‍ കശ്മിരിലെ സംഘടനകള്‍ അനുകൂലിക്കുന്നില്ല. ഗില്‍ഗിത്തില്‍ പാകിസ്താനും ചൈനയും ഭൗമശാസ്ത്രപരമായ ആധിപത്യം നേടുകയാണ് സംഭവിക്കാന്‍ പോകുന്നത്. ചൈനയുടെ സുഗമമായ ചരക്കു കടത്തിന് മേഖലയിലെ എല്ലാ തീവ്രാവാദി ഗ്രൂപ്പുകളെയും പാകിസ്താന് അടിച്ചൊതുക്കേണ്ടി വരും. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ഇവര്‍ ഇന്ത്യയെ കൂടുതലായി ലക്ഷ്യംവയ്ക്കുമെന്ന വിലയിരുത്തലാണ് കേന്ദ്രസര്‍ക്കാരിന്റേത്. ചൈനയും പാകിസ്താനും ചേര്‍ന്നൊരുക്കുന്ന ഈ ഭീഷണിക്കിടയില്‍ യുദ്ധം അന്തിമമായ പോംവഴി ആയിരിക്കുമെന്ന് മോദി സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ കരുതുന്നില്ല. ഇന്ത്യ യുദ്ധസജ്ജമാണെന്ന് അമിത് ഷാ പ്രസ്താവനയിറക്കുന്നുണ്ടെങ്കില്‍ പോലും. സാമ്പത്തികമായും രാഷ്ട്രീയമായും അനുകൂലമായ സാഹചര്യമല്ല ഇപ്പോഴുള്ളത്. കശ്മിരിലെ രാഷ്ട്രീയ നേതാക്കള്‍ കക്ഷി ഭേദമില്ലാതെ ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സജ്ജാദ് ഷായെ പോലും ഒപ്പം നിര്‍ത്താന്‍ അമിത് ഷാക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊവിഡ് മൂലം കുത്തുപാളയെടുത്ത രാജ്യത്തിന്റെ സാമ്പത്തിക നില തുറന്നു കാട്ടുന്നതാണ് ഒടുവില്‍ പുറത്തുവന്ന പട്ടിണി ഇന്‍ഡക്‌സ്. പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അങ്ങനെ നോക്കുമ്പോള്‍ ബാലക്കോട്ട് മാതൃകക്കു പകരം കുറെക്കൂടി വകതിരിവിന്റെ രാഷ്ട്രീയം പയറ്റാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നുവെന്ന് തന്നെയാണ് കരുതേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  22 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  22 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  22 days ago