അധ്യക്ഷപ്പദത്തിലേക്ക് പിന്നാക്ക വിഭാഗക്കാരെ പരിഗണിക്കണമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷപ്പദവിയിലേക്ക് ഒ.ബി.സി, എസ്.സി- എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ ആരെയങ്കിലും പരിഗണിക്കണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ ഗാന്ധി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷപ്പദവിയില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, ഇക്കാര്യത്തില്‍ ഇനിയൊരു പുനരാലോചനയില്ലെന്നുകൂടി സൂചിപ്പിക്കുന്നതാണിത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടും നിലപാടില്‍ പുനരാലോചന നടത്താന്‍ ഇതുവരെ രാഹുല്‍ ഗാന്ധി തയാറായിട്ടില്ല. അതിനിടയിലാണ് കോണ്‍ഗ്രസ് അധ്യക്ഷപ്പദവിയിലേക്ക് ഒ.ബി.സി, എസ്.സി-എസ്.ടി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെകൂടി പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷപ്പദവിയിലേക്ക് പുതിയൊരാള്‍ നിയമിക്കപ്പെടുമെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനമുണ്ടാകും. വിട്ടുവീഴ്ചക്ക് തയാറല്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സജീവമാണെന്നും ചില മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നു.
യു.പി.എ സഖ്യകക്ഷികളായ ഡി.എം.കെയും ആര്‍.ജെ.ഡിയും രാജിയില്‍നിന്ന് പിന്മാറാന്‍ രാഹുലിനോട് അഭ്യര്‍ഥിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷപ്പദവിയില്‍നിന്ന് രാജിവയ്ക്കുന്നത് ആത്മഹത്യാപരമായ തീരുമാനമാണെന്നായിരുന്നു ലാലു പ്രസാദിന്റെ പ്രതികരണം. രാജിവയ്ക്കരുതെന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനഹൃദയങ്ങള്‍ കീഴടക്കാന്‍ രാഹുലിന് സാധിച്ചെന്നുമായിരുന്നു ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ അഭിപ്രായം.
അധ്യക്ഷപ്പദത്തിലെത്തുന്നയാള്‍ ഗാന്ധികുടുംബാംഗമാകണമെന്ന് നിര്‍ബന്ധമില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ പറഞ്ഞിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പേര് അധ്യക്ഷപ്പദത്തിലേക്ക് ഉയര്‍ന്നുവന്നെങ്കിലും അതും രാഹുല്‍ നിരാകരിച്ചു. തന്റെ സഹോദരിയുടെ പേര് ഇക്കാര്യത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.
രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷപ്പദവിയില്‍ നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."