വയോജന കേന്ദ്രം; ഭൂമി ഏറ്റെടുത്ത് വയോധികയ്ക്ക് സംരക്ഷണം നല്‍കും
കുന്നംകുളം: വയോജന കേന്ദ്രത്തിനായി കിഴൂരില്‍ വയോധിക ദാനമായി നല്‍കാന്‍ തയ്യാറായ ഭൂമി ഏറ്റെടുത്ത് നഗരസഭ സെക്രട്ടറിയുടെ പേരില്‍ മാറ്റുന്നതിനും സമ്മതപത്രത്തില്‍ എഴുതിയ പ്രകാരം വയോധികയുടെ സംരക്ഷണം ഏറ്റെടുക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
നഗരസഭ നാലാം വാര്‍ഡില്‍ താമസിക്കുന്ന ചിറളയത്ത് വീട്ടില്‍ ശാന്തകുമാരിയാണ് 18 സെന്റ് സ്ഥലവും വീടും വയോജന കേന്ദ്രത്തിന് വേണ്ടി വിട്ടു നല്‍കാന്‍ സമ്മതപത്രം നല്‍കിയിരിക്കുന്നത്.
ഇതില്‍ 11 സെന്റ് ഉടന്‍ തീറ് നല്‍കും. ബാക്കി വരുന്ന ഏഴു സെന്റ് മരണപത്രമായും നല്‍കും. ഏഴു സെന്റ് സ്ഥലത്ത് താമസയോഗ്യമായ വീട് വെച്ചുനല്‍കി സംരക്ഷണം ഉറപ്പാക്കണമെന്നും കരാറില്‍ പറയുന്നുണ്ട്. ഓടിട്ട വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ശാന്തകുമാരിക്ക് ബന്ധുക്കളില്ല. വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, കൗണ്‍സിലര്‍മാരായ കെ.എ അസീസ്, കെ.ബി സലിം എന്നിവരാണ് ബന്ധുക്കളില്ലാത്ത ശാന്തകുമാരിയുടെ സംരക്ഷണം ഇതുവരെയും നടത്തിയിരുന്നത്. വയോജനകേന്ദ്രം നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ ചിറളയത്ത് അമ്മാളു ശാന്തകുമാരി മെമ്മോറിയല്‍ എന്ന് നാമകരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. കേന്ദ്ര വിഹിതം വൈകുന്നതിനാല്‍ പി.എം.എ.വൈ പദ്ധതി പ്രകാരം വീടനുവദിച്ചവര്‍ക്ക് ഫണ്ട് നല്‍കാന്‍ വൈകുന്നതിന് പരിഹാരമായി ഗുണഭോക്തൃവിഹിതമായി അടച്ച തുക ഗുണഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ഷാജി ആലിക്കല്‍, ബിജു സി ബേബി, ബീന ലിബിനി, കെ.കെ മുരളി സംസാരിച്ചു. ചെയര്‍പേഴ്‌സന്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."