ഉണ്ണിയേട്ടനിത് 27-ാം നോമ്പുകാലം; പതിവു തെറ്റിക്കാതെ നോമ്പിന്റെ നിര്‍വൃതിയില്‍ സി.പി ഉണ്ണി
എകരൂല്‍: മതസൗഹാര്‍ദത്തിന്റെ പ്രാധാന്യം വിളിച്ചോതി കഴിഞ്ഞ 27 വര്‍ഷമായി റമദാന്‍ നോമ്പെടുത്ത് ശ്രദ്ധേയനാകുകയാണ് പൂനൂരുകാരുടെ സ്വന്തം ഉണ്ണിയേട്ടന്‍. ഉണ്ണികുളം പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനായ പൂനൂര്‍ ചാലുപറമ്പില്‍ സി.പി ഉണ്ണി 69-ാം വയസിലും നോമ്പിന്റെ നിര്‍വൃതിയിലാണ്. ദിവസവും ജോലിയുടെ ഭാഗമായി 15 കിലോമീറ്ററോളം നടക്കുന്ന ഉണ്ണി ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുഹൃത്തുക്കളോടൊപ്പം നോമ്പെടുത്ത് തുടങ്ങുന്നത്.
വളരെ ചെറുപ്പത്തിലേ അനാഥനായി തീര്‍ന്ന ഉണ്ണി വളര്‍ന്നത് അയല്‍ക്കാരനായിരുന്ന കക്കാട്ടുമ്മല്‍ അഹമ്മദ്കുട്ടി ഹാജിയുടെ പരിപാലനത്തിലായിരുന്നു. ആദ്യമൊക്കെ നോമ്പ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് 30 ദിവസവും നോമ്പ് നോല്‍ക്കല്‍ ശീലമായി മാറി. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ച് ജോലിയുടെ ഭാഗമായുള്ള നടത്തത്തിലായിരിക്കും ഉണ്ണിയേട്ടന്‍.
പൂനൂരുകാര്‍ക്കും പരിസര പ്രദേശത്തുകാര്‍ക്കും സുപരിചിതനായ ഉണ്ണിയേട്ടനെ നോമ്പ് തുറപ്പിക്കാനും നാട്ടുകാര്‍ക്കിടയില്‍ മത്സരമാണ്. റമദാന്‍ മാസം പൂര്‍ണമായും നോമ്പനുഷ്ഠിക്കുന്ന ഉണ്ണിയേട്ടന്‍ പൊതു ഇഫ്താറുകളിലും പള്ളികളിലും മുഖ്യാതിഥിയാണ്്. കൂടുതല്‍ പേര്‍ ക്ഷണിക്കുന്നത് മൂലം എല്ലാവരുടെയും ക്ഷണം സ്വീകരിക്കാന്‍ കഴിയാറില്ല എന്നതാണ് വിഷമമെന്നാണ് അദ്ദേഹം പറയുന്നത്. വര്‍ഗീയത കളംവാഴാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും മതേതരത്വത്തിന്റെ അംബാസിഡറായി മാറുകയാണ് ഈ ചെറിയ മനുഷ്യന്‍.
പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രങ്ങളണിഞ്ഞ് ഈദ് ഗാഹുകളിലും സല്‍ക്കാരത്തിലും ഉണ്ണിയേട്ടന്‍ പങ്കെടുക്കാറുണ്ട്. പൂര്‍ണമായും ഭക്ഷണം ഉപേക്ഷിച്ച് നോമ്പനുഷ്ടിക്കുന്നത് ശരീരത്തിനും മനസിനും നല്ലതാണെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."