വിളകളില്‍ മഞ്ഞളിപ്പ് രോഗവും ഓലകരിച്ചിലും
കഴിഞ്ഞസീസണില്‍ വേനല്‍ കടുത്തതിനാല്‍ വെള്ളമില്ലാതെ കൃഷിയിറക്കാനാവാത്ത സ്ഥിതിയാണെങ്കില്‍ ഇത്തവണ മഴശക്തമായതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കനത്തമഴയും മഴയെതുടര്‍ന്ന് താപനിലയുയര്‍ന്നതുമാണ് പ്രധാനമായും ഓലകരിച്ചിലിനു കാരണമായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു
കൊഴിഞ്ഞാമ്പാറ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പ്രളയകാലം കഴിഞ്ഞതോടെ കാര്‍ഷികവിളകളില്‍ മഞ്ഞളിപ്പുരോഗവും ഓലകരിച്ചിലും കര്‍ഷകര്‍ക്ക് ദുരിതമാവുന്നു. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളില്‍ കര്‍ഷകരുടെ ഭൂരിഭാഗം പച്ചക്കറി കൃഷിയും നശിച്ചത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. തെങ്ങുകള്‍ക്കു പുറമേ വാഴയിലും മഞ്ഞളിപ്പുരോഗം പടര്‍ന്നുപിടിച്ചതോടെ കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണിപ്പോള്‍. ഇതിനുപുറമേ ജാതിമരങ്ങളും കനത്തമഴയില്‍ നശിച്ചമട്ടിലാണ്. കഴിഞ്ഞസീസണില്‍ വേനല്‍ കടുത്തതിനാല്‍ വെള്ളമില്ലാതെ കൃഷിയിറക്കാനാവാത്ത സ്ഥിതിയാണെങ്കില്‍ ഇത്തവണ മഴശക്തമായതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കനത്തമഴയും മഴയെതുടര്‍ന്ന് താപനിലയുയര്‍ന്നതുമാണ് പ്രധാനമായും ഓലകരിച്ചിലിനു കാരണമായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കിഴക്കന്‍ മേഖലയിലെ 7000 ഹെക്ടര്‍ കൃഷിയില്‍ 3000 ത്തലധികം ഹെക്ടറിലും ഓലകരിച്ചില്‍ മൂലം കൃഷിനഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്. കിഴക്കന്‍ മേഖലയിലെ ഒരു ജാതി മരത്തില്‍ നിന്നും ഒരു കര്‍ഷകന് 30000 രൂപയോളം വരുമാനമാണ് ലഭിച്ചിരുന്നതെന്നിരിക്കെ ഇത് പൂര്‍ണ്ണമായും ഇല്ലാതായതോടെ നിരവധി കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. കിഴക്കന്‍ മേഖലയില്‍ മാത്രം ആയിരത്തിലധികം ജാതിമരങ്ങളാണ് നശിച്ചിട്ടുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക മേഖയിലെ തകര്‍ച്ചമൂലം ഒരു കര്‍ഷകനു ഹെക്ടറില്‍ ഒരുലക്ഷത്തിലധികം രൂപയോളം നഷ്ടമാണുണ്ടായിട്ടുള്ളത്. കിഴക്കന്‍ മേഖലയോടു ചേര്‍ന്ന ചിറ്റൂര്‍, നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി, പട്ടഞ്ചേരി, പെരുമാട്ടി, പെരുവെമ്പ് എന്നിവിടങ്ങളിലെ കാര്‍ഷികവിളകളില്‍ മഞ്ഞളിപ്പുരോഗവും ഓലകരിച്ചിലും കര്‍ഷകരെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് കൃഷിനഷ്ടപ്പെട്ടവര്‍ക്ക് വരുംനാളുകളില്‍ കൃഷിയിറക്കാന്‍ ഇവരെ സഹായിക്കുമെന്ന ജില്ലാവികസന സമിതിയുടെ തീരുമാനം മാത്രമാണിപ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുള്ളത്. പൊതുവെ വരണ്ട പ്രദേശമായ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കാര്‍ഷിക മേഖല പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പതിവിനു വിപരീതമായി ഇത്തവണ കാലവര്‍ഷം കനത്തതും മഹാപ്രളയമുണ്ടായതും കിഴക്കന്‍ മേഖലയിലെ കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."