കാരുണ്യവും നന്മയുമാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്നത്: സല്‍മാന്‍ രാജാവ്
ജിദ്ദ: മാനവ കുലത്തിന് ആകമാനം കാരുണ്യവും നന്മയുമാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്നത്. ഏറ്റവും ഉല്‍കൃഷ്ടമായ സദാചാര, ധാര്‍മിക മൂല്യങ്ങളിലേക്ക് ഇസ്ലാം ആളുകളെ ക്ഷണിക്കുന്നു. ഇസ്ലാമിന്റെ മാര്‍ഗശാസ്ത്രം മിതവാദമാണ്. മതത്തില്‍ തീവ്രവാദവും അമിതത്വവും പാടില്ലെന്നു തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.
മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വ) മക്കയില്‍ സംഘടിപ്പിച്ച ത്രിദിന സമ്മേളനത്തില്‍ പങ്കെടുത്ത പണ്ഡിതന്മാര്‍ക്ക് മക്ക അല്‍സ്വഫാ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു രാജാവ്.
തീവ്രവാദവും ഭീകരവാദവും ചെറുക്കല്‍ അടക്കമുള്ള പ്രധാന പ്രശ്നങ്ങളില്‍ അഭിപ്രായങ്ങള്‍ ഏകീകരിക്കുന്നതിന് മുസ്ലിം പണ്ഡിതര്‍ സഹകരിക്കുന്നത് കാണുന്നതില്‍ ആഹ്ലാദമുണ്ട്. കക്ഷിത്വങ്ങളും ഗ്രൂപ്പ് വിധേയത്വങ്ങളും സൃഷ്ടിക്കുന്ന ഭീഷണികള്‍ മുസ്ലിം സമുദായം ഒറ്റക്കെട്ടായി നിന്ന് മറികടക്കണം. കക്ഷിത്വങ്ങളും ഗ്രൂപ്പ് വിധേയത്വങ്ങളും സമൂഹത്തില്‍ ഛിദ്രത മാത്രമാണുണ്ടാക്കുകയെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. 139 രാജ്യങ്ങളില്‍ നിന്നും എത്തിയ മുസ്ലിം പണ്ഡിതര്‍ അടക്കം 1200 ലേറെ പേര്‍ പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനം അംഗീകരിച്ച ചാര്‍ട്ടര്‍ പിന്നീട് രാജാവ് സ്വീകരിച്ചു.
സഊദി അറേബ്യയും മേഖലയും ഭീകരാക്രമണങ്ങള്‍ക്കും ഗൂഢലക്ഷ്യത്തോടെയുള്ള ആക്രമണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ഈജിപ്ഷ്യന്‍ മുഫ്തി ഡോ.ശൗഖി അല്ലാം പറഞ്ഞു. ഗൂഢാലോചന നടത്തുന്ന തിന്മയുടെ ശക്തികളാണ് ഭീകര ഗ്രൂപ്പുകള്‍ക്ക് പണവും മറ്റു സഹായങ്ങളും നല്‍കുന്നത്. സഊദി അറേബ്യയും ഭീകരതയെ പിന്തുണക്കാത്ത മേഖലയിലെ മറ്റു രാജ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന സത്യത്തിനും നന്മക്കും മിതവാദത്തിനും ഒപ്പം നിലയുറപ്പിക്കേണ്ടത് എല്ലാ മുസ്ലിംകളുടെയും നിര്‍ബന്ധ ബാധ്യതയാണ്. മക്കാ സമ്മേളനത്തിലുണ്ടായ ശ്രമങ്ങള്‍ പ്രായോഗിക തലത്തിലുള്ള കര്‍മ പദ്ധതികളായി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ഭീകരവാദം സുരക്ഷാ പ്രശ്നമെന്നതിലുപരി ആശയപ്രശ്നം കൂടിയാണ്. മുസ്ലിം ലോകത്തുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ ഓരോ തുള്ളി ചോരയും ചിന്തപ്പെടുമ്പോള്‍ ഭീകരവാദത്തിന്റെ കെണിയില്‍ യുവാക്കള്‍
പെട്ടുപോയതിന്റെ ഉത്തരവാദിത്തം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും ഡോ.ശൗഖി അല്ലാം പറഞ്ഞു.
മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദ്ര് ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രി ഡോ.മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍, അല്‍ബാഹ ഗവര്‍ണര്‍ ഡോ.ഹുസാം ബിന്‍ സൗദ് രാജകുമാരന്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ജിസാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, അല്‍ഖസീം ഡെപ്യൂട്ടി ഗവര്‍ണര്‍ ഫഹദ് ബിന്‍ തുര്‍ക്കി രാജകുമാരന്‍, നജ്റാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ഹദ്ലൂല്‍ രാജകുമാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മക്ക ചാര്‍ട്ടര്‍ അംഗീകരിച്ച പ്രധാന തീരുമാനങ്ങള്‍
അക്രമങ്ങള്‍ക്കും ഭീകരതക്കും സാംസ്‌കാരിക സംഘട്ടനത്തിനും പ്രേരിപ്പിക്കുന്നവരെയും വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും ചെറുക്കുന്നതിന് ലോക രാജ്യങ്ങള്‍ നിയമങ്ങള്‍ നിര്‍മിക്കണമെന്നും ഇതുവഴി മത സംഘര്‍ഷങ്ങള്‍ക്കുള്ള കാരണങ്ങള്‍ ഇല്ലാതാക്കുന്നതിന് സാധിക്കും.
ആരാധനാ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെയും ചാര്‍ട്ടര്‍ അപലപിച്ചു.
ശക്തമായ നിയമ നിര്‍മാണത്തിലൂടെയും രാഷ്ട്രീയ, സുരക്ഷാ ഗ്യാരണ്ടികളിലൂടെയും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെറുക്കണം. ഇത്തരം ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ആശയങ്ങള്‍ ആഗോള സമൂഹം ചെറുക്കണമെന്നും ചാര്‍ട്ടര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."