കാസര്‍കോട് 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
കാസര്‍കോട്: മുള്ളേരിയയില്‍ എണ്‍പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെത്തിയത്. ശരീരത്തില്‍ കെട്ടിവച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്. മഹാരാഷ്ട്ര സത്താറ സ്വദേശി മയൂര്‍ ഭാരത് ദേശ്മുഖാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രത്യേക അറകളോട് കൂടിയ ഉള്‍വസ്ത്രത്തിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്.
ആദൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കുഴല്‍പ്പണം പിടികൂടിയത്. കര്‍ണാടക മദ്യം കേരളത്തിലേക്ക് കടത്തുന്നത് കണ്ടെത്താനായി എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടയിലാണ് കുഴല്‍പ്പണം പിടികൂടിയത്. കര്‍ണാടക ആര്.ടി.സി ബസിലായിരുന്നു കുഴല്‍പ്പണക്കടത്ത്. കോഴിക്കോട്ടെ സച്ചിന് ഖദം എന്നയാളെ ഏല്‍പ്പിക്കുന്നതിനായാണ് പണം കൊണ്ടു വന്നതെന്നാണ് ദേശ്മുഖ് പറയുന്നത്. സ്വര്‍ണക്കടത്ത് സംഘമാണ് കുഴല്‍പ്പണ ഇടപാടിന് പിറകിലെന്നാണ് സൂചന. കഴിഞ്ഞ മാസവും 45 ലക്ഷം രൂപയുടെ കുഴല്‍പ്പണം മുള്ളേരിയ എക്സൈസ് സംഘം പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."