ശബരിമലയെ തൊടാതെ സി.പി.എം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്: തിരിച്ചടിക്കുകാരണം ഒരു വിഭാഗം വിശ്വാസികള്‍ എതിരായതെന്ന്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടകള്‍ തകര്‍ന്നടിഞ്ഞത് പരിശോധിക്കാന്‍ കമ്മിഷനുകളെ നിയോഗിച്ചേയ്ക്കും. ശനിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ കമ്മിഷനുകളെ നിയോഗിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകും.
പാലക്കാട്, കാസര്‍കോട്, ആറ്റിങ്ങല്‍, ആലത്തുര്‍ എന്നീ മണ്ഡലങ്ങളിലെ പരാജയ കാരണങ്ങളാണ് സി.പി.എം പരിശോധിക്കുക. കൂടാതെ ഇടതുമുന്നണിയുടെ അടിത്തറ തകര്‍ന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി തിരുത്തല്‍ വരുത്താനും ആലോചിക്കുന്നു. ശബരിമല ഉയര്‍ത്തിക്കാട്ടി യു.ഡി.എഫും, ബി.ജെ.പിയും നടത്തിയ പ്രചാരണം ശക്തി കേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ച്ചയുണ്ടാക്കിയെന്ന കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയേറ്റിന്റെ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വെച്ചു. പത്തനംതിട്ടയില്‍ ശബരിമല തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചില്ലെങ്കിലും മറ്റു തെക്കന്‍ മണ്ഡലങ്ങളില്‍ വിശ്വാസികള്‍ എതിരായെന്നായിരുന്നു സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍.
ഇന്നലെ സംസ്ഥാന കമ്മിറ്റി തുടങ്ങിയപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. എന്നാല്‍ ശബരിമല എന്ന വാക്ക് പ്രയോഗിക്കാതെയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് അവതിരിപ്പിച്ചത്.
ഒരുവിഭാഗം വിശ്വാസികള്‍ എതിരായതാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്് കാരണമായത്. എതിര്‍ചേരി വിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്തിയത് പ്രതിരോധിക്കാനായില്ലെന്നും ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും പരമ്പരാഗതമായി പാര്‍ട്ടിക്ക് വോട്ടു ചെയ്ത വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന പേടിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ടുകള്‍ നഷ്ടമായി എന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്.
അതില്‍ ശബരിമല എടുത്തു പറയുകയും ചെയ്തിരുന്നു. അതേ റിപ്പോര്‍ട്ടാണ് ഇന്നലെ സംസ്ഥാന കമ്മിറ്റിയില്‍ വന്നപ്പോള്‍ ശബരിമല ഒഴിവായത്. പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടില്‍ നിന്നും ശബരിമല ഒഴിവാക്കിയഴതന്നും സൂചനയുണ്ട്.
തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കാനാണ് രണ്ടു ദിവസം നീണ്ട സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തത്. ലോക്‌സഭാ മണ്ഡലങ്ങളുടെ ചാര്‍ജുള്ള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അതാത് മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പും, ശേഷവും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പാളീച്ച ഉണ്ടായെന്നും അടിയൊഴുക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയെ കൈവിട്ടു എന്നും അതാത് ജില്ലകളുടെ ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
പാലക്കാട്ടെ തോല്‍വി അപ്രതീക്ഷിതമെന്നും അടിയൊഴുക്കുകള്‍ പരിശോധിക്കണമെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. അത് ഇന്നലെ സംസ്ഥാന കമ്മിറ്റിയിലും ആവര്‍ത്തിച്ചു. കോങ്ങാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ച അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു.
ചെര്‍പ്പുളശേരിയിലെ ഡിവൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന വിഷയമടക്കം തെരെഞ്ഞെടുപ്പില്‍ സ്വാധീന ഘടകമായോ എന്നതും പരിശോധിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."