ഇടുക്കിയിലെ ഏഴു പാലങ്ങള്‍ അപകടാവസ്ഥയില്‍: പി.ഡബ്ല്യു.ഡി.
തൊടുപുഴ: ഇടുക്കിയിലെ ഏഴു പാലങ്ങള്‍ അപകടാവസ്ഥയിലാണെന്നും പുതുക്കിപ്പണിയണമെന്നും പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്തു റോഡ് ഡിവിഷനു കീഴില്‍ മാത്രം ഇടുക്കി ജില്ലയില്‍ 127 പാലങ്ങളാണുള്ളത്. ഇതിനു പുറമേ ദേശീയ പാതകളിലും വിവിധ പാലങ്ങളുണ്ട്. ചില പാലങ്ങള്‍ കാലപ്പഴക്കത്താലും യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലവും ഏറെ നാളുകളായി അപകടാവസ്ഥയിലാണ്.
കാലപ്പഴക്കം മൂലം പുതുക്കിപ്പണിയേണ്ടതോ വീതികൂട്ടേണ്ടതോ ആയ ഏഴു പാലങ്ങളുടെ പട്ടികയാണ് ഇടുക്കിയില്‍ തയാറാക്കിയിട്ടുള്ളത്. ഇതില്‍ ഏതൊക്കെ പാലങ്ങള്‍ പരിഗണിക്കണമെന്നതില്‍ സംസ്ഥാന സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കുക. പഴഞ്ചന്‍ പാലങ്ങള്‍ പുതുക്കിപ്പണിയുമെന്ന മന്ത്രി ജി.സുധാകരന്റെ നിയമസഭയിലെ പ്രഖ്യാപനത്തോടെ ഇതിനുള്ള നടപടി വേഗത്തിലാകുമെന്നാണു പ്രതീക്ഷ. എന്നാല്‍, ഇടുക്കിയില്‍ അപകടാവസ്ഥയിലായ പാലങ്ങളുടെ എണ്ണം പി.ഡബ്ല്യു.ഡി പട്ടികയിലുള്ളതിനെക്കാള്‍ അധികമാണ്.
കൂടുതല്‍ പാലങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അപകടസാധ്യതയും ഗതാഗതസ്തംഭനവും ഒഴിവാക്കാനാകൂ. ഹൈറേഞ്ച് മേഖലയിലെ പാലങ്ങളില്‍ മിക്കതിനും വേണ്ടത്ര വീതിയില്ലാത്തതും അപകടങ്ങള്‍ക്കു കാരണമാകുന്നു. എന്നാല്‍, അടിയന്തരമായി നന്നാക്കേണ്ട പാലങ്ങളാണു ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ശേഷിക്കുന്നവയില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താവുന്നതേയുള്ളൂവെന്നും അധികൃതര്‍ പറയുന്നു.
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍-ദേവികുളം റൂട്ടില്‍ കുണ്ടളയാറിനു കുറുകെ മൂന്നാര്‍ പൊലിസ് സ്റ്റേഷനു സമീപമുള്ള പാലം കാലപ്പഴക്കം മൂലവും കൈവരികള്‍ തകര്‍ന്നും അപകടാവസ്ഥയിലാണ്. ഈ പാലത്തിനു നൂറു വര്‍ഷത്തിലധികം പഴക്കമുണ്ട്. മൂന്നാര്‍ ടൗണിലെ പോസ്റ്റ് ഓഫിസ് കവലയില്‍ ഉള്ള പാലവും നൂറു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. എന്നാല്‍, ഇതിനു സമാന്തരമായി പുതിയ പാലം പണിതതോടെ ഇതുവഴിയുള്ള വാഹനഗതാഗതം കുറഞ്ഞിട്ടുണ്ട്.
മൂലമറ്റം-വാഗമണ്‍ റൂട്ടിലെ മണപ്പാടി പാലം അപകടാവസ്ഥയിലാണെന്നു 15 വര്‍ഷം മുന്‍പു പൊതുമരാമത്തു വകുപ്പു കണ്ടെത്തിയതാണ്. എന്നാല്‍, ഭാരവാഹനങ്ങളടക്കം ഇതുവഴി ഇപ്പോഴും കടന്നുപോകുന്നുണ്ട്. ഈ റൂട്ടിലുള്ള കൈക്കുളം പാലവും അപകടാവസ്ഥയിലാണ്. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ ചെറുതോണി ടൗണിനോടു ചേര്‍ന്നു ചെറുതോണി പുഴയ്ക്കു കുറുകെയുള്ള പാലം അപകടാവസ്ഥയിലാണ്.
കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയുടെ ഭാഗമായ ഇരുപതേക്കര്‍ പാലം, മറയൂര്‍-ചിന്നാര്‍ റൂട്ടിലെ കരിമുട്ടി ഭാഗത്തെ പാലം എന്നിവയും ബലക്ഷയമുള്ള പാലങ്ങളില്‍പ്പെടുന്നു. പൂപ്പാറ-കുമളി സംസ്ഥാന പാതയിലെ ചിന്നക്കട പാലം അപകടാവസ്ഥയിലായിട്ടു വര്‍ഷങ്ങളായി. 1952ല്‍ തിരുക്കൊച്ചി ഭരണകാലത്തു നിര്‍മിച്ച പാലത്തിന്റെ കൈവരികള്‍ നശിച്ച അവസ്ഥയിലാണ്. അടിമാലി കല്ലാര്‍-മാങ്കുളം റൂട്ടില്‍ കല്ലാര്‍ വാലിയിലെ പാലം അപകടാവസ്ഥയിലാണ്. ഇതേ റൂട്ടില്‍ പീച്ചാട് ഭാഗത്തെ പാലത്തിന്റെ ഒരു വശം ഇടിഞ്ഞ നിലയിലാണ്. ദിവസേന ഭാരവാഹനങ്ങളും ബസുകളും സ്‌കൂള്‍ വാഹനങ്ങളുമടക്കം കടന്നുപോകുന്ന വഴിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."