ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ്: കര്‍ശന നിലപാടുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചു. ബില്‍ എടുക്കാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. കഴിഞ്ഞ വെള്ളിയാഴ്ച കോണ്‍ഗ്രസ് എം.പി കെ.വി.പി രാമചന്ദ്ര റാവു ആണു സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍, രാജ്യസഭയിലെ മറ്റു ബഹളങ്ങള്‍ക്കിടെ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാനാകാതെ അന്നു പിരിയുകയായിരുന്നു. ഇന്നലെ കോണ്‍ഗ്രസ് ഉയര്‍ത്തിയ രൂക്ഷമായ പ്രതിഷേധത്തില്‍ സഭ പതിവിലും നേരത്തേ മൂന്നു മണിക്കു പിരിഞ്ഞു.
സഭ ചേര്‍ന്നപ്പോള്‍ ഇന്നലെ കോണ്‍ഗ്രസ് എം.പി ആനന്ദ് ശര്‍മയാണു വിഷയം ഉന്നയിച്ചത്. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാനാകാത്ത വിധം ഭരണപക്ഷ എം.പിമാരും മന്ത്രിമാരും സഭയില്‍ ബഹളമുണ്ടാക്കുകയായിരുന്നു എന്ന് ആനന്ദ് ശര്‍മ ആരോപിച്ചു. അടുത്ത സ്വകാര്യ ബില്ലുകളുടെ അവതരണ വേളയില്‍ ആന്ധ്രാപ്രദേശിനു പ്രത്യേക പാക്കേജ് അനുവദിക്കുന്ന ബില്‍ പട്ടികയില്‍ ഒന്നാമതായി ചേര്‍ക്കണം.
സര്‍ക്കാര്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസം ബഹളം വച്ചവര്‍ക്ക് ഇന്നു ശബ്ദം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ശര്‍മ കുറ്റപ്പെടുത്തി. ബില്‍ ഇന്നലെയും സഭാനടപടികളില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് സഭാ നടപടികളുമായി സഹകരിക്കില്ലെന്നും ശര്‍മ വ്യക്തമാക്കി. ആന്ധ്രയ്ക്കു പ്രത്യേക പാക്കേജ് യു.പി.എ സര്‍ക്കാര്‍ പാസാക്കിയതാണെന്നും എന്നാല്‍, എന്‍.ഡി.എ സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതിരിക്കുകയാണെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.
എന്നാല്‍, ബില്‍ ഓഗസ്റ്റ് അഞ്ചിനു മാത്രമേ എടുക്കാന്‍ കഴിയൂ എന്നു രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ വ്യക്തമാക്കി. പതിവനുസരിച്ച് സ്വകാര്യ ബില്ലുകള്‍ ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിലാണെടുക്കുന്നത്. ബില്‍ ഇന്നലെ എടുക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം റൂളിങും നല്‍കി.
തുടര്‍ന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും വ്യക്തമാക്കാതിരുന്നപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു. സഭയില്‍ ഉണ്ടായിരുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വിഷയത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു ശൂന്യവേള ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയ ഉപാധ്യക്ഷന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവാദം നല്‍കിയില്ല.
പ്രതിഷേധവുമായി കോണ്‍ഗ്രസ് നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ ഒന്നിലേറെ തവണ പിരിച്ചു വിട്ടു. ഇതിനിടെ കോണ്‍ഗ്രസിനു സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെയും സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളിന്റെയും പിന്തുണ ലഭിച്ചു.
വിഷയത്തില്‍ ചര്‍ച്ച ആവശ്യമാണെന്ന് ഇരുവരും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഭരണപക്ഷം ബഹളമുണ്ടാക്കിയത് ഈ സഭയുമായി ബന്ധമില്ലാത്ത വിഷയത്തിലാണെന്നു കോണ്‍ഗ്രസ് എം.പി സത്യവ്രത ചതുര്‍വേദി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."