കാലാവധി തികച്ച് രണ്ടാമൂഴത്തിലേക്ക് തിരിച്ചെത്തിയവരില്‍ മൂന്നാമന്‍ മോദി
ന്യൂഡല്‍ഹി: അഞ്ചുവര്‍ഷ കാലാവധി തികച്ച് പൊതുതെരഞ്ഞെടുപ്പിലൂടെ രണ്ടാമൂഴത്തിലേക്ക് പ്രവേശിച്ച ഇന്ത്യയിലെ പ്രധാനമന്ത്രിമാരില്‍ മൂന്നാമനാണ് നരേന്ദ്ര മോദി. ജവഹര്‍ലാല്‍ നെഹ്‌റുവിനും ഡോ. മന്‍മോഹന്‍ സിങ്ങിനുമാണ് ഇതിന് മുന്‍പ് ഇത്തരമൊരു അവസരം ലഭിച്ചിട്ടുള്ളത്. നെഹ്‌റു 1957ലും 1962ലും അധികാരത്തിലെത്തിയത് കാലാവധി പൂര്‍ത്തിയാക്കിയാണ്. ഇന്ദിരാ ഗാന്ധി നാല് മന്ത്രിസഭകള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും കാലാവധി പൂര്‍ത്തിയാക്കിയത് ഒരിക്കല്‍ മാത്രമാണ്.
1967ല്‍ അധികാരത്തിലെത്തിയ രണ്ടാം ഇന്ദിര മന്ത്രിസഭ നാലു വര്‍ഷം മാത്രം അധികാരത്തിലിരുന്നതിന് ശേഷമാണ് 1971ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 6 വര്‍ഷം അധികാരത്തിലിരുന്നെങ്കിലും 1977ല്‍ ഭരണത്തുടര്‍ച്ച ലഭിച്ചില്ല. രാജീവ് ഗാന്ധിയും(1984), എ.ബി. വാജ്‌പേയിയും(1999) ഹ്രസ്വകാല മന്ത്രിസഭകള്‍ക്കു നേതൃത്വം നല്‍കിയതിനു ശേഷമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതും അധികാരത്തിലെത്തിയതും.
അടിയന്തരാവസ്ഥ കാലത്ത് വീണ്ടും അധികാരത്തിലേറിയ ഇന്ദിരാ ഗാന്ധി മന്ത്രിസഭ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നത് നരേന്ദ്ര മോദിയുടെ ഒന്നാം മന്ത്രിസഭയാണ്. 2014 മെയ് 26നു സത്യപ്രതിജ്ഞ ചെയ്ത ഈ മന്ത്രിസഭ 1830 ദിവസം (5 വര്‍ഷം 4 ദിവസം)മാണ് പിന്നിട്ടത്.
2009 മെയ് 22ന് സത്യപ്രതിജ്ഞ ചെയ്ത മന്‍മോഹന്‍ സിങ് മന്ത്രിസഭ 2014 മെയ് 26 വരെ അധികാരത്തിലിരുന്നു. 1830 ദിവസ(5 വര്‍ഷം 4 ദിവസം)മാണ് അദ്ദേഹം അധികാരത്തിലിരുന്നത്. സത്യപ്രതിജ്ഞ ചെയ്ത സമയം കൂടി കണക്കിലെടുത്താല്‍ ഏതാനും മിനിട്ടുകളുടെ മുന്‍തൂക്കം മോദി മന്ത്രിസഭയ്ക്കാണ്.
1971 മാര്‍ച്ച് 18ന് മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത ഇന്ദിരാ ഗാന്ധി മന്ത്രിസഭ 1977 മാര്‍ച്ച് 24 വരെ 2,198 ദിവസം (6 വര്‍ഷം 6 ദിവസം) അധികാരത്തിലിരുന്നു. 2004 മെയ് 22 അധികാരത്തിലേറിയ ഒന്നാം മന്‍മോഹന്‍ മന്ത്രിസഭ 2009 മെയ് 22വരെ 1826 ദിവസമാണ് ഭരിച്ചത്.
ഈ നാല് മന്ത്രിസഭകള്‍ക്കു മാത്രമാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ അവസരം ലഭിച്ചത്. കാവല്‍ മന്ത്രിസഭാ കാലം കൂടി ഉള്‍പ്പെടുത്തിയാണ് ഈ കണക്ക്. ഇടക്കാല പ്രധാനമന്ത്രി ഗുല്‍സരിലാന്‍ നന്ദ ഉള്‍പ്പെടെ 15 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ 28 മന്ത്രിസഭകളാണ് സ്വതന്ത്ര ഭാരതത്തില്‍ ഇതുവരെ അധികാരത്തിലിരുന്നത്.
അടിയന്തരാവസ്ഥാക്കാലത്ത് അധികാരം നീട്ടികിട്ടിയ അഞ്ചാം ലോക്‌സഭ അഞ്ച് 5 വര്‍ഷവും 10 മാസവും 3 ദിവസവുമാണ് അധികാരത്തിലിരുന്നത്. ഇതിനു ശേഷം 16ാം ലോക്‌സഭയാണ് ഏറ്റവും കൂടുതല്‍ കാലം നിലനിന്നത്. 15ാം ലോക്‌സഭ പിരിച്ചുവിടുകയും 16ാം ലോക്‌സഭ രൂപീകരിക്കുകയും ചെയ്തത് 2014 മെയ് 18നാണ്. പ്രഥമ യോഗം ചേര്‍ന്നത് 2014 ജൂണ്‍ 4നും. ഭരണഘടന 83 (2) അനുസരിച്ച് 2019 ജൂണ്‍ മൂന്നുവരെ ഇതിനു കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മെയ് 25നു പിരിച്ചുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."