പ്രവേശനോത്സവം പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്‌കരിക്കും
സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ഉത്തരവിറക്കുന്നത് സര്‍ക്കാര്‍ വൈകിക്കുകയാണ്
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയേയും ജൂണ്‍ ആറിന് നടക്കുന്ന ജില്ലാ, സംസ്ഥാനതല പ്രവേശനോത്സവങ്ങളും ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ തീരുമാനിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിശീലന പരിപാടികള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായി ബഹിഷ്‌കരിക്കാനാണ് സംഘടനകളുടെ തീരുമാനം.
റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യമാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയുമായി ബന്ധപ്പെട്ട ബാക്കിഭാഗം പുറത്തുവന്നിട്ടില്ല. അതുകൂടി പുറത്തുവന്നശേഷം റിപ്പോര്‍ട്ട് നടപ്പിലാക്കണം.
സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ഉത്തരവിറക്കുന്നത് സര്‍ക്കാര്‍ വൈകിക്കുകയാണ്. ഉത്തരവ് പുറത്തിറങ്ങിയാല്‍ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജൂണില്‍ നിയമസഭാ മാര്‍ച്ച് നടത്തും. സ്‌കൂള്‍ തുറക്കുന്ന ദിവസം വിതരണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കത്തിനൊപ്പം ബദല്‍ റിപ്പോര്‍ട്ടും രക്ഷകര്‍ത്താക്കള്‍ക്ക് വിതരണം ചെയ്യാനും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണ തേടിക്കൊണ്ട് നേതാക്കള്‍ ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ചു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ മേഖലയിലെ തുഗ്ലക്ക് പരിഷ്‌കാരമാണെന്ന് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ചെന്നിത്തല പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനും ചുവപ്പുവല്‍ക്കരിക്കാനും മാത്രമേ ഇതിലൂടെ കഴിയൂ.
കേരളത്തിലെ സ്‌കൂള്‍ മാനേജ്‌മെന്റുകളില്‍ വലിയൊരു വിഭാഗവും അധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരാണ്. റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അധ്യാപകരെ രണ്ടുതട്ടിലാക്കും. ഇത് നമ്മുടെ വിദ്യാഭ്യാസ മേഖലയെയും വിദ്യാര്‍ഥികളുടെ ഭാവിയെയും തകര്‍ക്കും. അധ്യാപകരുടെ സ്ഥാനക്കയറ്റത്തേയും അധികാരങ്ങളെയും ഇത് ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."