പൗരത്വപ്പട്ടിക തയാറാക്കേണ്ടത് നീതിപൂര്‍വം
അസമിലെ പൗരത്വപ്പട്ടിക തയാറാക്കുമ്പോള്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഒരു ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. പൗരത്വപ്പട്ടിക കോ-ഓര്‍ഡിനേറ്റര്‍ പ്രദീക് ഹാജേലക്കാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പൗരത്വത്തിന്റെ പേരില്‍ അസമില്‍ തദ്ദേശീയരായ ലക്ഷങ്ങളെയാണ് ബംഗ്ലാദേശികളെന്ന് മുദ്രകുത്തി പുറത്തു നിര്‍ത്തിയിരിക്കുന്നത്. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ സൈനികന്‍ മുഹമ്മദ് സനാഉല്ലയെ ബംഗ്ലാദേശിയെന്ന് മുദ്രകുത്തി ജയിലിലടച്ചിരിക്കുകയാണിപ്പോള്‍. അസമില്‍ ഇത് വന്‍ പ്രതിഷേധത്തിനാണിപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്. 30 വര്‍ഷം രാജ്യത്തിനായി സൈനിക സേവനം നടത്തിയ വ്യക്തിയാണ് അസം സ്വദേശിയായ മുഹമ്മദ് സനാഉല്ല. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന അതേദിവസംതന്നെ സനാഉല്ലയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുക്കുകയും അതിര്‍ത്തിയില്‍ സൈനിക സേവനം നടത്തുകയും ചെയ്ത ഒരാളെപ്പോലും അന്യനെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുന്നത് സാധാരണക്കാരും തദ്ദേശീയരുമായ മുസ്‌ലിംകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനാണ്.
വിദേശികളെ പാര്‍പ്പിക്കുന്ന തടങ്കല്‍പാളയത്തിലാണ് ഇപ്പോള്‍ ഈ മുന്‍ ലഫ്റ്റനന്റിനെ തടങ്കലില്‍ ഇട്ടതെന്ന് വരുമ്പോള്‍ രാജ്യം എത്തിനില്‍ക്കുന്ന അവസ്ഥയെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.
നേരത്തെ സുപ്രിംകോടതി ഒരു വിധിന്യായത്തില്‍ അന്തിമ പട്ടിക ജൂലൈ 31നകം തയാറാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ വിധിയുടെ മറവില്‍ മുസ്‌ലിംകളെ പൗരത്വപ്പട്ടികയ്ക്കു പുറത്തുനിര്‍ത്തുന്ന പ്രവൃത്തി തകൃതിയായി നടത്തിവരികയായിരുന്നു. ഇതിനെതിരേയും സുപ്രിംകോടതിക്ക് ഇപ്പോള്‍ ഇടപെടേണ്ടിവന്നിരിക്കുകയാണ്. പട്ടിക പൂര്‍ത്തിയാക്കാന്‍ ഒരു നിശ്ചിത സമയപരിധി വച്ചതിനര്‍ഥം നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കി പട്ടിക പെട്ടെന്ന് തയാറാക്കണമെന്നല്ലെന്ന് കോടതിക്ക് പൗരത്വപ്പട്ടിക കോ-ഓര്‍ഡിനേറ്ററെ ഓര്‍മിപ്പിക്കേണ്ടിവന്നു.
ബംഗ്ലാദേശിയെന്ന് മുദ്രകുത്തി സനാഉല്ലയെ പൗരത്വപ്പട്ടികയില്‍നിന്ന് നീക്കം ചെയ്തതിനെതിരേയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരേയും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് വാര്‍ത്തയായിരുന്നു. ഈ വാര്‍ത്ത ചൂണ്ടികാണിച്ചാണ് സുപ്രിംകോടതി പൗരത്വപ്പട്ടിക തയാറാക്കുമ്പോള്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് വിധി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ അസം ദേശീയ പൗരത്വ റജിസ്റ്റര്‍ പുറത്തിറക്കിയ കരട് പട്ടികയില്‍നിന്ന് 40 ലക്ഷംപേരെയാണ് പുറത്തുനിര്‍ത്തിയത്. 3.29 കോടി അപേക്ഷകരില്‍നിന്നാണ് ഇത്രയുംപേരെ പുറത്താക്കിയത്. അപേക്ഷകരില്‍ 2.89 കോടിയെയാണ് ഇന്ത്യന്‍ പൗരരായി അംഗീകരിച്ചത്. 2017 ഡിസംബറില്‍ പ്രസിദ്ധീകരിച്ച പൗരത്വപ്പട്ടികയില്‍ 1.9 കോടി ആളുകളെയായിരുന്നു ഉള്‍പെടുത്തിയിരുന്നത്.
അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിനു വേണ്ടിയാണ് പൗരത്വ റജിസ്റ്റര്‍ തയാറാക്കിയിരുന്നത്. ഇതുപ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയില്‍ എത്തിയവരെന്ന് തെളിയിക്കാന്‍ കഴിയാത്തവര്‍ വിദേശികളായി പ്രഖ്യാപിക്കപ്പെട്ടു. 40 ലക്ഷംപേരെ പൗരത്വപ്പട്ടികയ്ക്കു പുറത്തുനിര്‍ത്തിയ നടപടിയായി ഇത്. ഇതിനെതിരേ 2018 ഓഗസ്റ്റില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ചിരുന്നു. കുടിയേറ്റക്കാരില്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പൗരരായി കണക്കാക്കാനും മുസ്‌ലിംകളെ വിദേശികളായി മുദ്രകുത്തി ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കാനുമായിരുന്നു കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത്തരത്തില്‍ തിരിച്ചയയ്ക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കുകയും ചെയ്തു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും ഇങ്ങനെ സംഭവിച്ചാല്‍ രാജ്യത്തുണ്ടാവുക. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അവസ്ഥ അസമിലെ മുസ്‌ലിംകള്‍ക്കും വരുത്തിവയ്ക്കാന്‍ നടത്തിവരുന്ന നിഗൂഢ പ്രവര്‍ത്തനങ്ങളായി മാത്രമേ ഇത്തരം നടപടികളെ കാണാനാകൂ. അസമിലെ മുസ്‌ലിംകളില്‍ ഭൂരിപക്ഷത്തെ രാജ്യമില്ലാത്തവരായി വരുത്തിതീര്‍ക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് ഇതിന്റെയൊക്കെ പിന്നില്‍ എന്നുവേണം കരുതാന്‍.
രാജ്യത്ത് ദേശീയ പൗരത്വ റജിസ്റ്ററുള്ള ഏക സംസ്ഥാനമാണ് അസം. 1951ലാണ് ഇതു തയാറാക്കിയത്. 2005ല്‍ ഇതു പുതുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ പൗരത്വ റജിസ്റ്റര്‍ പൊക്കിപിടിച്ച് തദ്ദേശീയരായ മുസ്‌ലിംകളെ ബംഗ്ലാദേശികളെന്ന് മുദ്രകുത്തി പുറത്താക്കാനുള്ള ചരടുവലികള്‍ ആരംഭിക്കുകയായിരുന്നു. ഇത്തരം കുതന്ത്രങ്ങളുടെ ബലിയാടുകളായി മുഹമ്മദ് സനാഉല്ലയെപ്പോലുള്ള നിരവധി പ്രമുഖരായ മുസ്‌ലിംകള്‍തന്നെ അസമില്‍ ഇപ്പോള്‍ അരക്ഷിതാവസ്ഥയിലാണ്. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരെയും ഉള്‍ക്കൊണ്ട് എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്ന് പറയുകയും മറുവശത്ത് മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് അപരവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ അണിയറയില്‍ ആക്കംകൂട്ടുകയും ചെയ്യുന്നു. ജൂലൈ 31നകം അന്തിമ പട്ടിക തയാറാക്കാന്‍ അനാവശ്യമായ ധൃതികാണിക്കരുതെന്നും എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന നീതി ലഭ്യമാക്കണമെന്നുമുള്ള സുപ്രിംകോടതി വിധിയിലൂടെ സനാഉല്ലയെപ്പോലുള്ള തദ്ദേശീയരായ ലക്ഷങ്ങള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."