പ്രധാനമന്ത്രി ഭിന്നത വളര്‍ത്തി രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നു: രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: അടിസ്ഥാനഘടന തകര്‍ക്കുന്നതിലൂടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി എം.പി. പൗരത്വ നിയമഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പ്രസ്താവനക്കെതിരേ വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നത വളര്‍ത്തി രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങള്‍ ഒറ്റക്കെട്ടാണെങ്കില്‍ നമ്മളെ ആര്‍ക്കും വെല്ലുവിളിക്കാനോ, നശിപ്പിക്കാനോ കഴിയില്ല. 12,000 ചതുരശ്ര അടിയിലധികം നമ്മുടെ പ്രദേശം ചൈന കൈവശപ്പെടുത്തി. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ ഭൂപ്രദേശം ആരും കൈയേറിയിട്ടില്ലെന്ന് ജനങ്ങളോട് കള്ളം പറയുകയാണ്.
സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. സത്യം പുറത്തുവരട്ടെയെന്നും രാഹുല്‍ പറഞ്ഞു. സി.ബി.ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ സമ്മര്‍ദത്തിലാക്കി തങ്ങളുടെ വരുതിയിലാക്കുകയാണ്. ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തതും രാഷ്ട്രീയ പകപോക്കലാണ്.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. അന്വേഷണ ഏജന്‍സികള്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ഉപകരണങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി ഓര്‍മപ്പെടുത്തി. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ നടുവൊടിക്കും. ഭക്ഷ്യഭദ്രയും തകര്‍ക്കും. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ ഒറ്റക്കെട്ടായി ഈ നിയമങ്ങളെ ചെറുക്കാന്‍ രംഗത്തു വരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."