കാട്ടുപന്നികള്‍ 'ശല്യക്കാര്‍'
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അവയെ വെര്‍മിന്‍ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങി.
കാട്ടുപന്നിയെ വെര്‍മിന്‍ ആയി പ്രഖ്യാപിക്കാന്‍ കേന്ദ്ര അനുമതി തേടാന്‍ ഉത്തരവായതായി മന്ത്രി കെ. രാജു അറിയിച്ചു. കേന്ദ്രനുമതി ലഭിച്ചാലുടന്‍ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയും.
വെര്‍മിന്‍ ആയി പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വനം വകുപ്പിനു സാധിക്കും.
അതിനായി കേന്ദ്രാനുമതി തേടുന്നതിന് നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകള്‍, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങള്‍ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അനുമതി ലഭിക്കും.സംസ്ഥാനത്തെ വനമേഖലയ്ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ വളരെ കര്‍ക്കശമായതിനാല്‍ വലിയ തോതില്‍ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാന്‍ വനം വകുപ്പിന് ആയിരുന്നില്ല.
എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവുകാണാത്തതിനാലാണ് അവയെ വെര്‍മിന്‍ ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. തുടര്‍ന്നാണ് ഇതിനായി സംസ്ഥാനം കേന്ദ്രത്തിന്റെ അനുമതി തേടാനായി തയാറെടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."