കണ്ണൂരില്‍നിന്ന് സര്‍വിസ്: എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഷെഡ്യൂള്‍ തയാര്‍
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വിസ് ആരംഭിക്കുന്നതിന് എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോ എയറിന്റെയും ഷെഡ്യൂള്‍ തയാറായി. വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്ത മാസം അവസാനത്തോടെ നടത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് വിമാനക്കമ്പനികള്‍ ഷെഡ്യൂള്‍ തയാറാക്കിയത്.
ഒക്ടോബര്‍ 29 മുതല്‍ സര്‍വിസ് ആരംഭിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍. അതിനിടെ, വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സിനായുള്ള ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പരിശോധന 17, 18, 19 തിയതികളില്‍ നടക്കും. പരിശോധനയില്‍ എന്തെങ്കിലും തടസം കണ്ടെത്തിയാല്‍ ഷെഡ്യൂളില്‍ മാറ്റമുണ്ടാകും. തിയതിയും സമയവും നിശ്ചയിച്ചെങ്കിലും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ അബൂദബി, ദുബൈ, മസ്‌കറ്റ്, ഒമാന്‍, റിയാദ്, ദമാം, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് സര്‍വിസ് നടത്തുന്നത്. ദിവസം മൂന്നു സര്‍വിസുകള്‍ നടത്താനാണ് വിമാനക്കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്.
എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് എന്നിവയ്ക്കാണ് സര്‍വിസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍തന്നെ ബാക്കിയുള്ള വിമാനക്കമ്പനികളും കണ്ണൂരില്‍നിന്നുള്ള ഷെഡ്യൂള്‍ പ്രഖ്യാപിക്കും. ഇന്നലെ ഡല്‍ഹിയില്‍ കിയാല്‍ അധികൃതരെ പങ്കെടുപ്പിച്ചു സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം നടന്നിരുന്നു.
200 പേരെ കയറ്റാവുന്ന യാത്രാവിമാനവും റണ്‍വേയില്‍ ഇറക്കി പരിശോധന നടത്താന്‍ തീരുമാനിച്ചതായാണ് സൂചന. കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേ, പാസഞ്ചര്‍ ടെര്‍മിനല്‍, സുരക്ഷാ സംവിധാനങ്ങള്‍, കസ്റ്റംസ് പരിശോധനാ സംവിധാനങ്ങള്‍ എന്നിവയൊക്കെ സജ്ജമായിക്കഴിഞ്ഞു.
ഡി.ജി.സി.എ അംഗങ്ങളില്‍ ചിലര്‍ നേരത്തെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്), എയര്‍പോര്‍ട്ട് ഇക്കോണമിക് റെഗുലേറ്ററി അതോറിറ്റി (എ.ഇ.ആര്‍.എ), ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം(ഐ.എല്‍.എസ്) എന്നീ വിഭാഗങ്ങളുടെ പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിജയകരമായി പൂര്‍ത്തിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."