ലോവര്‍ പെരിയാര്‍: ടണലിലെ മണ്ണും ചെളിയും നീക്കിത്തുടങ്ങി
തൊടുപുഴ: ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തിലേക്ക് അണക്കെട്ടില്‍ നിന്നും വെള്ളം ഒഴുക്കുന്ന ടണലിലെ മണ്ണും ചെളിയും നീക്കിത്തുടങ്ങി. പ്രളയത്തെത്തുടര്‍ന്ന് അടിഞ്ഞ ചെളി ചെറിയ മണ്ണുമാന്തി യന്ത്രം ടണലില്‍ ഇറക്കിയാണ് വൃത്തിയാക്കുന്നത്. ടണലിനുള്ളിലെ കോണ്‍ക്രീറ്റ് ലൈനിങ്ങിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. മണ്ണുമാന്ത്രി യന്ത്രം ഓടിക്കുമ്പോള്‍ ലൈനിങ്ങിന് കേടുപാടുണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് സിവില്‍ സബ് ഡിവിഷന്റെ നേതൃത്വത്തില്‍ പ്രവൃത്തി പുരോഗമിക്കുന്നത്. ഏതാണ്ട് 600 മീറ്റര്‍ നീളത്തില്‍ ടണലില്‍ ചെളി അടിഞ്ഞിട്ടുണ്ട്.
12.75 കി.മീ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള ടണലില്‍ 30 സെ.മീ ഘനത്തിലാണ് കോണ്‍ക്രീറ്റ് ലൈനിങ് ചെയ്തിരിക്കുന്നത്. ലൈനിങ്ങിന് കേടുപാട് പറ്റിയാല്‍ അത് വെള്ളത്തിന്റെ ചലനവേഗത്തോതിനെ ബാധിക്കും. പവര്‍ ഹൗസിലെ ജനറേറ്ററുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കെ.എസ്.ഇ.ബിയുടെ ഉന്നത സംഘം ശനിയാഴ്ച വൈദ്യുതി നിലയം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കൃത്യവിലോപം തെളിഞ്ഞാല്‍ നടപടിയിലേക്ക് നീങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ വൈദ്യുതി ബോര്‍ഡ് പരിഗണിക്കുന്നുണ്ട്. സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധി നേരിടുമ്പോള്‍ 180 മെഗാവാട്ട് ശേഷിയുള്ള ലോവര്‍ പെരിയാര്‍ പദ്ധതി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ചെളികയറി ഒരു മാസത്തിലധികമായി നിലച്ചിരിക്കുന്നത് വൈദ്യുതി ബോര്‍ഡ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
മണ്ണും ചെളിയും അടിഞ്ഞ് എയര്‍ ബ്ലോക്കുണ്ടണ്ടായി ടണല്‍ അടഞ്ഞിട്ടും വകവെയ്ക്കാതെ ഉല്‍പ്പാദനം തുടര്‍ന്നതാണ് ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."