നിപ: ഭീതിപരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി, മന്ത്രി ഷൈലജ
കൊച്ചി: നിപ സംബന്ധിച്ച് ചിലര്‍ ഭീതിപരത്തുന്ന പ്രചാരണം ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ തുടങ്ങിയിട്ടുണ്ടെന്നും നിപയെക്കുറിച്ച് ഭീതി പരത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ.
തന്റെ പേരിലും ഫേസ്ബുക്കില്‍ ഫേക് പേജ് ഉണ്ടാക്കി പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നിപ ബാധ ഉണ്ടായപ്പോള്‍ ഇത്തരം പ്രചാരണം നടത്തിയ 25പേര്‍ക്കെതിരെ കേസെടുത്തിരുന്നു. 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോഴിയില്‍ നിന്നാണ് നിപ പകരുന്നത് എന്നുവരെ കഴിഞ്ഞ തവണ പ്രചാരണം നടന്നിരുന്നു.
അയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കോഴിയിറച്ചിക്ക് വില കൂടിയതുകൊണ്ട് കുറയ്ക്കാനാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു മറുപടി. അത്തരത്തില്‍ വളരെ മോശമായ കമന്റുകളും പ്രചാരണങ്ങളും ചിലര്‍ ഇത്തവണയും സാമൂഹ്യമാധ്യമങ്ങളിലൂടെ തുടങ്ങിയിട്ടുണ്ട്.
ഇത് തമാശ പറയേണ്ട സമയമല്ല, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇത്തരത്തില്‍ ഭീതി പരത്തുന്നവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
നിപയെക്കുറിച്ചുള്ള സംശയനിവാരണത്തിനായി പൊതുജനങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറുകളായ 0471 255 2056, 0471 255 1056 എന്നിവയിലേക്ക് വിളിക്കാവുന്നതാണ്. നിപ സംബന്ധിച്ച ഏതുതരം സഹായത്തിനും സംശയനിവാരണത്തിനും കോള്‍ സെന്ററുകളും സജ്ജമാണ്. എറണാകുളം കളക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രൂപീകരിച്ച മീഡിയ സെല്‍ വഴി ആധികാരിക വാര്‍ത്തകള്‍ പുറത്തുവിടും. ആധികാരികത ഉറപ്പിച്ച വാര്‍ത്തകള്‍ മാത്രമേ പ്രചരിപ്പിക്കാവൂ എന്നും മന്ത്രി ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."