രോഗവ്യാപനം എല്ലാ ഘട്ടത്തിലും കാണപ്പെടാറില്ല- ഡോ. അനൂപ് കുമാര്‍
കേരളത്തില്‍ വീണ്ടും നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന വാര്‍ത്ത പടരുമ്പോഴും രോഗം സ്ഥിരീകരിക്കപ്പെട്ടാലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോ.അനൂപ് കുമാര്‍. എല്ലാ ഘട്ടത്തിലും നിപാ രോഗം വ്യാപകമായി പടരാനുള്ള സാഹചര്യമില്ലെന്നാണ് ഇതു സംബന്ധിച്ചുള്ള പഠനങ്ങള്‍ വ്യക്താമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ വിഭാഗം തലവന്‍ ആയ ഡോ.അനൂപ് കുമാര്‍ ആണ് ആദ്യമായി നിപ വൈറസ് അണുബാധ റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് നിപാ രോഗികളെ പരിചരിക്കാന്‍ മുന്നില്‍ നിന്നതും. തനിക്ക് മുന്‍പില്‍ എത്തിയ ഒരു രോഗിയുടെ രോഗലക്ഷണത്തില്‍ നിന്നും ഡോ. അനൂപിന് ഉണ്ടായ സംശയമാണ് സംസ്ഥാനത്തെ ആദ്യ നിപാ സ്ഥിരീകരണത്തില്‍ എത്തിയത്.
ഒരു വര്‍ഷത്തിനുശേഷം വീണ്ടും നിപാ ഭീഷണി; ആശങ്കപ്പെടേണ്ടതുണ്ടോ?
ഇപ്പോള്‍ ആശങ്കപെടേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ല. നിപാ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇനി നിപാ സ്ഥിരീകരിച്ചാലും അതില്‍ ആശങ്കപെടേണ്ടതില്ല. 2019ല്‍ ബംഗ്ലാദേശിന്റെ പല ഭാഗങ്ങളില്‍ നിപാ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019ലും ധാക്കക്കടുത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് നിപ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അത് ഒരു കുടുംബത്തിലെ അഞ്ചു പേരില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു. അവരില്‍ നിന്നും വേറൊരാളിലേക്ക് പടരുന്ന സാഹചര്യം ഉണ്ടായില്ല. അഞ്ചു പേരും മരിച്ച ശേഷമാണ് അസുഖം കണ്ടുപിടിച്ചത്. ഇവരുടെ മൃതദേഹങ്ങളില്‍ നിന്നും എടുത്ത സാംപിളുകള്‍ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നിട്ടുപോലും അത് വലിയൊരു വിഭാഗത്തിലേക്ക് പടര്‍ന്നു പിടിച്ചില്ല.
പടര്‍ന്നുപിടിക്കാനുള്ള സാധ്യത?
പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നിപാ വലിയ തോതില്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത എല്ലാ കാലത്തും കുറവാണെന്നാണ്. ആദ്യത്തെ രോഗിയില്‍ നിന്നും അടുത്ത രോഗിയിലേക്ക് വരുമെന്നല്ലാതെ വീണ്ടും ഒരു സൈക്കിളായി പ്രൊപഗേറ്റ് ചെയ്യാനുള്ള സാധ്യത കുറവാണ്. അതിനാല്‍ തന്നെ വളരെ ഭയപ്പെടേണ്ട സാഹചര്യം കുറവാണ്.
രണ്ട് തരത്തിലുള്ള വൈറസ് സ്‌ട്രെയിനുകളാണുള്ളത്. ഒന്ന് ഒരു മലേഷ്യന്‍ സ്‌ട്രെയിനാണ്. അതാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. രോഗ സ്ഥിരീകരണത്തിന് വളരെയേറെ സമയം എടുത്തതുകൊണ്ടാണ് കൂടുതല്‍ ആളുകളിലേക്ക് ഇത് പടരാനിടയായത്. ഇതാണ് ആദ്യം ബംഗ്ലാദേശില്‍ കൂടുതല്‍ മരണത്തിന് ഇടയാക്കിയത്. പിന്നീട് ബംഗ്ലാദേശില്‍ വന്നപ്പോഴും രോഗ സ്ഥിരീകരണം നടന്നത് കൂടുതല്‍ സമയം എടുത്തിരുന്നു. എന്നിട്ടുപോലും അത് കൂടുതല്‍ പേരിലേക്ക് പടരുന്നതായി കണ്ടില്ല. ബംഗ്ലാദേശില്‍ 2000 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ 248 പേരില്‍ ഈ അണുബാധ വന്നതില്‍ വിശദമായ പഠനം നടത്തി. അതിലൊക്കെ പറയുന്നത് വലിയ രീതില്‍ പ്രൊപഗേറ്റ് ചെയ്യാനുള്ള സാഹചര്യം എല്ലാ സമയത്തും ഇല്ല എന്നുതന്നെയാണ്. നാച്വറലായിത്തന്നെ പെട്ടന്ന് വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുന്നതാണ് കാണുന്നത്.
ആരോഗ്യ വകുപ്പ് എക്‌സ്പീരിയന്‍സ്ഡ് ആണോ?
കഴിഞ്ഞ തവണ കോഴിക്കോട് രോഗബാധയുണ്ടായപ്പോള്‍ യാതൊരു മുന്‍പരിചയം പോലുമില്ലാതിരുന്നിട്ടും അതിനെ വളരെ ഇഫക്ടീവായി നേരിടാന്‍ നമുക്ക് കഴിഞ്ഞു. വളരെ എക്‌സ്പീരിയന്‍സ്ഡായ ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പുടീമും ഇപ്പോള്‍ നമുക്കുണ്ട്. കോഴിക്കോട് 19 രോഗികള്‍ക്ക് അസുഖം വന്നപ്പോള്‍ 18 പേര്‍ക്കും ആശുപത്രികളില്‍ നിന്നാണ് രോഗം പടര്‍ന്നത്. അതിനാല്‍ ഇത്തരത്തില്‍ രോഗ വ്യാപനം പടരാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കഴിയും.
പ്രതിരോധ മരുന്നുകള്‍?
പല വൈറസ് രോഗങ്ങള്‍ക്കും വ്യക്തമായ ആന്റി വൈറല്‍ മരുന്നുകളോ പ്രതിരോധ വാക്‌സിനുകളോ ഇല്ല. നിപായെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ ചികിത്സയെകുറിച്ചോ മരുന്നുകളെകുറിച്ചോ അല്ല ചര്‍ച്ച ചെയ്യേണ്ടത്. മറിച്ച് രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ട മുഴുവന്‍ പേരെയും കണ്ടെത്തി ഇവരെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവരില്‍ രോഗ ലക്ഷണം വന്നുകഴിഞ്ഞാല്‍ എത്രയും പെട്ടന്ന് അവരെ ഐസൊലേറ്റ് ചെയ്യാന്‍ കഴിയുമോയെന്നാണ്. ആ കാര്യങ്ങളാണ് കൂടുതലായി ശ്രദ്ധ ചെലുത്തേണ്ടത്. അതാണ് കോഴിക്കോട് ചെയ്തത്.
രോഗ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ മാത്രമെ ഏതെങ്കിലും വിധത്തിലുള്ള പരിശോധന നടത്തി ഇവര്‍ക്ക് രോഗം ഉണ്ടോ ഇല്ലയോ എന്ന് പറയാന്‍ കഴിയൂ. അതിനു മുന്‍പ് ഏതെങ്കിലും തരത്തില്‍ സ്ഥിരീകരണം നല്‍കാന്‍ കഴിയില്ല. അതുപോലെ തന്നെ രോഗം വരാതിരിക്കാനുള്ള മരുന്നുകള്‍ എത്രത്തോളം ഫലവത്താണ് എന്നതും സംശയകരമാണ്. നമുക്ക് അടുത്ത് ഇടപഴകിയവരുടെ നിരീക്ഷണത്തില്‍ നിര്‍ത്തി ആര്‍ക്കെങ്കിലും രോഗ ലക്ഷണം കണ്ടാല്‍ അവരെ എത്രയും പെട്ടന്ന് നിരീക്ഷണത്തില്‍ നിര്‍ത്തി അവരുടെ സിറം പരിശോധനക്ക് അയക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന കാര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."