സഊദിയില്‍ കൊടുവള്ളി സ്വദേശിയുടെ കൊലപാതകം; ഇന്ത്യക്കാരടക്കം നാലുപേര്‍ പിടിയില്‍
ജിദ്ദ: കോഴിക്കോട് കൊടുവള്ളി സ്വദേശി സഊദിയില്‍ കൊല്ലപ്പെട്ട കേസില്‍ നാലുപേര്‍ പിടിയില്‍. രണ്ട് ഇന്ത്യക്കാരും രണ്ട് സ്വദേശികളുമാണ് പിടിയിലായത്. കൊടുവള്ളി മാനിപുരം ചുള്ളിയാട്ട്പൊയില് സ്വദേശി സമീര്‍ കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിവസം ദമാമിലെ ജുബൈലില്‍ വച്ചാണ് കൊല്ലപ്പെട്ടത്.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് അറിയിച്ചു. അനധികൃത പണമിടപാട് കേന്ദ്രങ്ങളും മദ്യവാറ്റ് കേന്ദ്രങ്ങളും കൊള്ളയടിക്കുന്ന സ്വദേശി പൗരന്മാരും അവരുടെ വിദേശികളായ ഏജന്റുമാരും അടങ്ങുന്ന റാക്കറ്റാണ് സമീറിനെ കൊലപ്പെടുത്തിയത്.
പെരുന്നാളിന്റെ തലേദിവസം അജ്ഞാതസംഘം സമീറിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിറ്റേദിവസം ജുബൈലിലെ വര്‍ക്ഷോപ്പ് ഏരിയയിലെ റോഡരികില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
മദ്യവാറ്റു കേന്ദ്രത്തിന്റെ നടത്തിപ്പുകാരനാണെന്ന് തെറ്റിദ്ധരിച്ചാണ് സമീറിനെ സംഘം തട്ടിക്കൊണ്ടുപോയത്. പണം എവിടെ സൂക്ഷിച്ചു എന്നറിയാനും കൊള്ളയടിക്കുന്നതിനും വേണ്ടി ഇവര്‍ നടത്തിയ മര്‍ദനത്തിനിടെയാണ് സമീര്‍ കൊല്ലപ്പെട്ടത്.
മരിച്ചിട്ടില്ലെന്ന് കരുതിയാണ് റോഡരികില്‍ ഉപേക്ഷിച്ചതെന്ന് പ്രതികള്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ജുബൈല്‍ പൊലിസിലെ ക്രിമിനല്‍ കേസ് മേധാവി മേജര്‍ തുര്‍ക്കി നാസര്‍ അല്‍മുതൈരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."