ആയുഷ് ഗ്രാമം പദ്ധതി;അധികൃതരുടെ നിസംഗത ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നു
ചാവക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് ഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ അധികൃതര്‍ വിസമ്മതിക്കുന്നത് പുന്നയൂര്‍ പഞ്ചായത്തിനും പൊതുജനങ്ങള്‍ക്കും ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടാന്‍ കാരണമാകുന്നു.
പുന്നയൂര്‍ പഞ്ചായത്തിന് അനുവദിച്ച പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് തട്ടിയെടുത്ത് എല്ലാ പഞ്ചായത്തുകള്‍ക്കുമായി വീതിച്ചതെന്ന പുന്നയൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടും പഞ്ചായത്ത് അധികൃതര്‍ പദ്ധതി നടപ്പിലാക്കുന്നില്ലെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മിഷന്‍ 2015 - 16 വര്‍ഷത്തെ ഫണ്ടില്‍ നിന്ന് 75 ശതമാനവും സംസ്ഥാന വിഹിതമായി 25 ശതമാനവുമായി മൊത്തം 80 ലക്ഷം രൂപയുടെ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആകെ എട്ട് ആയുഷ് ഗ്രാമങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിക്കായി ജില്ലയില്‍ നിന്ന് പുന്നയൂര്‍ പഞ്ചായത്തിനെയാണ് ആദ്യം തെരഞ്ഞെടുത്തത്. ഇക്കാര്യം ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസറില്‍ നിന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇത്. ഇതില്‍ പുന്നയൂര്‍ പഞ്ചായത്തിനും 10 ലക്ഷം അനുവദിച്ചെന്നായിരുന്നു വിവരം. എന്നാല്‍ പുന്നയൂര്‍ പഞ്ചായത്തിനുള്ള ഈ പദ്ധതി മറി കടന്ന് ഈ വര്‍ഷം ആരംഭത്തില്‍ ചാവക്കാട് ബ്ലോക്കിനു കീഴിലുള്ള എല്ലാ പഞ്ചായത്തിനുമായി പദ്ധതി വീതിച്ചതാണ് ഇപ്പോള്‍ പുന്നയൂര്‍ പഞ്ചായത്ത് ഭരണ സമിതിയെ ചൊടിപ്പിച്ചത്.
ഗ്രാമങ്ങള്‍ എന്നാല്‍ വില്ലേജ് ആണെന്നും പുന്നയൂര്‍ പഞ്ചായത്തില്‍ രണ്ട് വില്ലേജുകള്‍ മാത്രമാണുള്ളതെന്നും ബാക്കി പുന്നയൂര്‍ക്കുളം, കടിക്കാട്, വടക്കേക്കാട്, വൈലത്തൂര്‍, ഒരുമനയൂര്‍, കടപ്പുറം എന്നീ വില്ലേജുകളിലും പരിപാടി നടത്തണമെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച സര്‍ക്കുലര്‍ എന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമര്‍ പറയുന്നത്. ഇക്കാര്യമാണ് യാഥാര്‍ഥ്യമെന്നും മിനിമം അഞ്ച് വില്ലേജുകളിലാണ് നടപ്പിലാക്കേണ്ടെതെന്ന് സര്‍ക്കാര്‍ അധികൃതരും പറയുന്നു. ഇതനുസരിച്ച് ജനുവരിയില്‍ തന്നെ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും കെ,വി അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.
പുന്നയൂര്‍ പഞ്ചായത്തിനു മാത്രം ലഭിച്ച പദ്ധതി എം.എല്‍.എയും പുന്നയൂര്‍ പഞ്ചായത്തുകാരന്‍ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമറും മാറ്റി മറിച്ചെന്നാണ് പുന്നയൂര്‍ പഞ്ചായത്ത് ജനഭരണ സമിതിയുടെ ആരോപണം. ഇത് സംബന്ധിച്ച് ഭരണ സമിതിയോഗം ചേര്‍ന്ന് പ്രതിഷേധിക്കുകയും പരാതി സംസ്ഥാന അധികൃതര്‍ക്ക് അയക്കുകയും ചെയ്തിരുന്നു. ആയുഷ് ഗ്രാമം പദ്ധതിയുടെ ആദ്യ ഘട്ടം എല്ലാ പഞ്ചായത്തിലും ആരംഭിച്ചു കഴിഞ്ഞെങ്കിലും പുന്നയൂര്‍ പഞ്ചായത്തില്‍ മാത്രം ഒന്നും നടന്നിട്ടില്ല. തങ്ങള്‍ക്ക് വന്ന സര്‍ക്കുലര്‍ അനുസരിച്ച് പദ്ധതിയില്‍ മാറ്റമുണ്ടെങ്കില്‍ അതും അറിയക്കേണ്ടതുണ്ടെന്നാണ് അവരുടെ വാദം.
മറ്റ് പഞ്ചായത്തുകളില്‍ പദ്ധതി ആരംഭിച്ചിട്ടും പുന്നയൂരില്‍ മാത്രം ഇത് ഇനിയും ആരംഭിച്ചിട്ടില്ല. പദ്ധതി നടപ്പിലാക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും, അംഗനവാടി ജീവനക്കാര്‍ക്കും, ആരോഗ്യ മേഖലയിലെ മറ്റു പ്രവര്‍ത്തകര്‍ക്കും പരിശീലനം ലഭിക്കേണ്ടതിനാല്‍ പഞ്ചായത്ത് സമ്മതിക്കാതെ ഒന്നും നടക്കുകയുമില്ല. ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയാകുന്ന പദ്ധതി ആയുര്‍വേദ രീതിയിലുള്ള ആരോഗ്യ സംരക്ഷണവും ജീവിത ശൈലിയും സാധാരണ ജനങ്ങള്‍ക്കിടിയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഔഷധ ചെടികളുടെ സംരക്ഷണവും അവയുടെ ഔഷധ മൂല്യത്തെക്കുറിച്ച് സാധാരണക്കാരില്‍ അവബോധം വളര്‍ത്തല്‍, ചെറിയ തരം ആരോഗ്യ പ്രശനങ്ങള്‍ക്ക്, ഗൃഹവൈദ്യം പ്രചരിപ്പിക്കല്‍, മലമ്പനി, ക്ഷയം, വയറിളക്ക രോഗങ്ങള്‍, മറ്റു പകര്‍ച്ചവ്യാധികള്‍ എന്നിവക്കെതിരേയുള്ള പ്രചാരണ പരിപാടികള്‍, ആശാ വര്‍ക്കര്‍മാര്‍ക്കും, അംഗനവാടി ജീവനക്കാര്‍ക്കും, ആരോഗ്യ മേഖലയിലെ മറ്റു പ്രവര്‍ത്തകര്‍ക്കും ആയുര്‍ വേദ രീതിയിലുള്ള ജീവിത ചര്യയെപറ്റിയും ഔഷധ മൂല്യങ്ങളുള്ള സസ്യങ്ങളെ പറ്റിയും പരിശീലനം നല്‍കുക, ജനപ്രതിനിധികള്‍, ഈ പദ്ധതിയുമായി ബന്ധപ്പെട്ടു വരുന്ന മറ്റു വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവരെ സന്നദ്ധരാക്കുക എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആയുര്‍വേദ ചികിത്സയില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. യോഗ പരീശിലകനും സഹായിയും പദ്ധതിയിലുണ്ട്.
സംസ്ഥാനത്തെ മറ്റ് ഏഴിടത്തും ബ്ലോക്ക് പഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുന്നയൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഇക്കാര്യം അന്വേഷിച്ചാല്‍ ബോധ്യപ്പെടുന്നതുമാണ്. സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാതെ പുറം തിരിഞ്ഞ് നില്‍ക്കുന്നത് നാട്ടുകാരോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം പുന്നയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി പറഞ്ഞു. കേന്ദ്ര സംസ്ഥാന പദ്ധതി വേണ്ടെന്ന് വച്ച പഞ്ചായത്ത് നടപടിക്കെതിരേ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."