സിറ്റി ക്ലബ്ബിന്റെ വനവല്‍ക്കരണ പദ്ധതിക്ക് തുടക്കം
പുല്‍പ്പള്ളി: പരിസ്ഥിതിയെ വീണ്ടെടുക്കാന്‍ സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. പുല്‍പ്പള്ളിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു.
വരള്‍ച്ചയും കൃഷിനാശവും പിടിമുറുക്കിയ പുല്‍പ്പള്ളി മേഖലയെ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.
പരിസ്ഥിതിദിനം വരെ നീളുന്ന പരിപാടി പ്രത്യേകം ആസൂത്രണം ചെയ്താണ് നടപ്പാക്കുന്നത്. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷതൈകള്‍ ധാരാളം നടാറുണ്ടെങ്കിലും അതൊന്നും വേണ്ടത്രരീതിയില്‍ പരിപാലിക്കപ്പെടുന്നില്ല. ഇതിന് പരിഹാരമെന്നവണ്ണമാണ് സിറ്റിക്ലബ് പുതിയ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. നൂറോളം വരുന്ന ക്ലബ് അംഗങ്ങള്‍ അവരുടെ കൃഷിയിടത്തില്‍ 25ഓളം വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടമാരംഭിക്കുന്നത്.
ഈ വൃക്ഷതൈകള്‍ വേണ്ടവിധത്തില്‍ പരിപാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. തുടര്‍ന്ന് രണ്ടാം ഘട്ടമെന്ന നിലയില്‍ ക്ലബ് അംഗങ്ങള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൃഷിയിടത്തില്‍ വൃക്ഷതൈ നട്ടുപരിപാലിക്കും.
ഇതിനുമുന്നോടിയായി മരങ്ങള്‍ നട്ട് വളര്‍ത്തേണ്ടത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനും ക്ലബ് പദ്ധതിയിടുന്നുണ്ട്. പുല്‍പ്പള്ളി മേഖലയില്‍ മാത്രം പതിനായിരത്തോളം വൃക്ഷതൈ നടാനാണ് ക്ലബ്ബിന്റെ തീരുമാനം.
ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ നഴ്സറികളില്‍ നിന്ന് കൊണ്ടുവരുന്ന വൃക്ഷതൈകളാണ് നടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."