ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് സഊദി ദേശീയ ദിനത്തിന് ശേഷം തുടങ്ങും
റിയാദ്: പുണ്യ ഭൂമിയിലെത്തുന്ന ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ ലക്ഷ്യമാക്കി പൂര്‍ത്തിയാക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് ഈ മാസം 24 മുതല്‍ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. ഹറമൈന്‍ പദ്ധതി നടപ്പാക്കുന്ന അല്‍ ശുഅല കണ്‍സോര്‍ഷ്യം നേരത്തെ തന്നെ ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. തുടക്കത്തില്‍ ഈ വര്‍ഷം അവസാനം വരെ എട്ടു സര്‍വീസുകളാണ് ഉണ്ടാവുകയെങ്കിലും പിന്നീട് അത് വിപുലപ്പെടുത്തി അടുത്ത വര്‍ഷം അത് പന്ത്രണ്ടായി വര്‍ധിപ്പിക്കും. പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാന്‍ സജ്ജമായിരിക്കയാണ് ഹറമൈന്‍ പാതയും ട്രെയിനുകളും. സൗജന്യമായി യാത്രക്കാരെ മദീനയിലും തിരിച്ചുമെത്തിച്ചുള്ള ട്രയലുകളും പൂര്‍ത്തിയാക്കി.
നിലവില്‍ ഹറമൈന്‍ ട്രെയിന്‍ പരീക്ഷണാടിസ്ഥാനത്തിലെ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നു. ട്രെയിനുകളുടെയും പാലങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെയും ശേഷി പരിശോധിച്ചു ഉറപ്പു വരുത്തിയിട്ടുണ്ട്. മക്ക, മദീന, റാബിഗ് എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനകളിലെ ഫര്‍ണിഷിംഗ് ജോലികളും പൂര്‍ത്തിയായി. ജിദ്ദ സ്റ്റേഷന്‍ അവസാന മിനുക്ക് പണികളിലാണ്. ജിദ്ദയില്‍ സുലൈമാനിയയിലെ സ്റ്റേഷന് പുറമെ ജിദ്ദ വിമാനത്താവളത്തിലും സ്‌റ്റേഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ കാലങ്ങളില്‍ ഇവിടെ വിമാനമിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ സുഖമായി മക്കയില്‍ എത്തിച്ചേരാനാകും.
മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ ഹറമൈന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ എല്ലാ നിലയിലുള്ളവര്‍ക്കും താങ്ങാന്‍ കഴിയുന്നതായിരിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മണിക്കൂറില്‍ മുന്നൂറു കിലോമീറ്ററര്‍ വേഗതയുള്ള 35 ട്രെയിനുകളായിരിക്കും ഈ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുക. ടിക്കറ്റുകളുടെ വിതരണം ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍ പ്രോജക്ട് വെബ് സൈറ്റ് വഴിയുമുണ്ടാകും. ട്രെയിന്‍ സര്‍വ്വീസ് യാഥാര്‍ഥ്യമാകുന്നതോടെ മക്ക മദീന പുണ്യ നാഗരികള്‍ക്കിടയിലെ അഞ്ഞൂറോളം കിലോമീറ്റര്‍ ചുരുങ്ങിയ രണ്ടു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിലവില്‍ ഹാജിമാരടക്കമുള്ള യാത്രക്കാര്‍ മക്കയില്‍ നിന്നും മദീനയിലേക്കും തിരിച്ചും ബസ് മാര്‍ഗ്ഗമാണ് യാത്ര ചെയ്യുന്നത്. തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ ബസ് യാത്രാസമയം ഏഴു മണിക്കൂറിലധികം വരെ നീളാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."