പെട്രോള്‍ പമ്പ് സമരം: വാഹനയാത്രക്കാര്‍ വലഞ്ഞു
കോഴിക്കോട്: പെട്രോള്‍ പമ്പ് ഉടമകളുടെ 24 മണിക്കൂര്‍ അടച്ചിടല്‍ സമരത്തില്‍ വാഹനയാത്രക്കാര്‍ വലഞ്ഞു. ജില്ലയില്‍ മിക്ക പമ്പുകളും കഴിഞ്ഞദിവസം അര്‍ധരാത്രി മുതല്‍ അടച്ചിട്ടതാണ് ജനത്തെ വലച്ചത്.
ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ പമ്പുകള്‍ അടഞ്ഞുകിടന്നു. അതേസമയം സപ്ലൈകോയുടെ പമ്പും റിലയന്‍സിന്റെ പമ്പുകളും ജില്ലയില്‍ തുറന്ന് പ്രവര്‍ത്തിച്ചത് ജനത്തിന് ആശ്വാസമായി. ഇവിടങ്ങളിലെല്ലാം വന്‍ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്.
മാനാഞ്ചിറ കമ്മിഷണര്‍ ഓഫിസിന് സമീപത്തെ സപ്ലൈകോ പമ്പില്‍ ഉച്ചയോടെ പെട്രോളും വൈകിട്ട് മൂന്നോടെ ഡീസലും തീര്‍ന്നത് നഗരത്തിലെത്തിയ വാഹനയാത്രക്കാരെ കുഴക്കി. റിലയന്‍സ് പമ്പുകളില്‍ തിരക്കു കാരണം രണ്ടു മണിക്കൂറോളം കാത്ത് നിന്നാണ് പലരും വാഹനത്തില്‍ ഇന്ധനം നിറച്ചത്.
വാഹനങ്ങളുടെ നീണ്ടനിര ദേശീയപാതയിലേക്ക് നീണ്ടതിനാല്‍ പുതിയങ്ങാടിയില്‍ ചെറിയ തോതില്‍ ഗതാഗതക്കുരുക്കുണ്ടായി. കമ്മിഷന്‍ വര്‍ധന ആവശ്യപ്പെട്ട് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ്, ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."