നിപാ: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി
തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ നിപാ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വളര്‍ത്തു മൃഗങ്ങളിലോ പക്ഷികളിലോ രോഗം ഉണ്ടാകുകയോ അവരില്‍ നിന്നും മനുഷ്യരിലേക്ക് പകരുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. ഈവസരത്തില്‍ കര്‍ഷകര്‍ പരിഭ്രാന്തരാകേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ അറിയിച്ചു.
നിപാ രോഗബാധയുമായി ബന്ധപ്പെട്ട രോഗനിരീക്ഷണ നടപടികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. രോഗനിയന്ത്രണത്തിനാവശ്യമായ പി.പി.ഇ കിറ്റ്, മാസ്‌ക്, അണുനാശിനികള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തും. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ജില്ലാ ഓഫിസര്‍മാര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ഫാമുകളില്‍ രോഗ നിരീക്ഷണം, അണുനശീകരണം എന്നിവ കൃത്യമായി നടത്തണം. ചെക്‌പോസ്റ്റുകള്‍വഴി രോഗം ബാധിച്ചതോ മരണപ്പെട്ടതോ ആയ കന്നുകാലികള്‍ സംസ്ഥാനത്തേക്ക് കടന്നുവരുന്നില്ല എന്ന് ഉറപ്പുവരുത്താനും നിര്‍ദേശിച്ചു. വവ്വാലുകള്‍ ഉപേക്ഷിച്ച രീതിയിലുള്ള കായ്കനികള്‍ കന്നുകാലികള്‍ക്ക് നല്‍കരുത്.
വവ്വാലുകളും മറ്റു പക്ഷികളും ഫാമിനുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ നെറ്റ് ഉപയോഗിക്കണം. മൃഗങ്ങളെ ഷെഡുകളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് അണുനാശിനി കലര്‍ത്തിയ ഫൂട്ട് ഡിപ്പ് ക്രമീകരിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കി. പക്ഷി മൃഗാദികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സംസ്ഥാനതല ലബോറട്ടറിയിലും ആവശ്യമെങ്കില്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്കും സാമ്പിള്‍ അയക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടികളെടുക്കണം.
വളര്‍ത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ കര്‍ശനമായ വ്യക്തി ശുചിത്വം പാലിക്കണം. നിപാ രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എ.ഡി.സി.പി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ (04712732151) അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."