കുരിശുമൂട്ടില്‍ വന്‍ തീപിടുത്തം കാല്‍ കോടി രൂപയുടെ നഷ്ടം
ചങ്ങനാശ്ശേരി: കുരിശുമൂട്ടില്‍ പമ്പുഹൗസിനു സമീപം വീടിനുതീപിടിച്ചു കാല്‍ കോടി രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. കൂട്ടുമ്മേല്‍ റിട്ട. ഉദ്യോഗസ്ഥന്‍ ജിമ്മിച്ചന്റെ വീടാണ് കത്തി നശിച്ചത്. വീട്ടില്‍ ഉറങ്ങിക്കിടന്ന ജിമ്മിച്ചനെ നാട്ടുകാര്‍ വിളിച്ചുണത്തി അത്ഭുതകരമായി രക്ഷപെടുത്തുകയായിരുന്നു.
വൈദ്യുതി സര്‍ക്യൂട്ടിലെ തകരാറാണ് തീ പിടിക്കാന്‍ കാരണമെന്നു പ്രാഥമിക വിവരം.ഒരു പൊട്ടിത്തെറിയോടെയാണ് തീ പടര്‍ന്നു പിടിച്ചത്.ഇന്നലെ ഉച്ചക്ക് രണ്ടിനാണ് തീപിടുത്തം . വഴിയാത്രക്കാരാണ് വീടിനുമുകളില്‍ തീ പടര്‍ന്നു പിടിക്കുന്നത് കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും വലിയ ശബ്ദത്തോടെ എന്തോ പൊട്ടിത്തെറിച്ചു ചിതറിയത് പരിഭ്രാന്തി പരത്തി.ആര്‍ക്കും വീടിനുള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. വീട്ടിനുള്ളില്‍ ജിമ്മിച്ചന്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ചങ്ങനാശ്ശേരിയില്‍ നിന്ന് അഗ്‌നിശമന സേന എത്തുമ്പോഴേക്കും വീട് പകുതിമുക്കാലും കത്തി നശിച്ചിരുന്നു.നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്നു രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ട് യൂണിറ്റ് ടാങ്കറിലെ വെള്ളവും തീര്‍ന്നശേഷം രണ്ടാമതും വെള്ളം പാമ്പ് ചെയ്തിട്ടാണ് തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്.
പൊട്ടിത്തെറിച്ചത് ഫ്രിഡ്ജിലെ സിലണ്ടറാണെന്നുപിന്നീട് കണ്ടെത്തി. സമീപത്തുള്ള വീടുകളിലേക്കും തീ പടരാതിരിക്കാന്‍ അഗ്‌നിശമനസേന പ്രത്യേകം ശ്രദ്ധിച്ചു. വീടിനോടു ചേര്‍ന്നിരുന്ന ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. വീടിനുള്ളിലെ ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് സാധനങ്ങള്‍, കട്ടിലില്‍, അലമാര മേശ കസേര തുടങ്ങിയ ഉപകരണങ്ങളും എല്ലാ രേഖകളും കത്തിനശിച്ചു.
അടുക്കളയില്‍ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിക്കാതിരുന്നത് അപകട സാധ്യത ഇല്ലാതാക്കി. വലിയ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു.
അഗ്‌നിശമനസേനയിലെ ഫയര്‍ ഓഫീസര്‍ എ സുനില്‍, ഫയര്‍മാന്‍ രാജേഷ് ജിജോ, മുകേഷ്, ഗോപു, ഫ്രാന്‍സിസ്, സുരേഷ്, ബിന്റോ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
ജിമ്മിച്ചനും ഭാര്യ പുഷ്പമ്മ ടീച്ചറും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. വീട് കത്തുമ്പോള്‍ ടീച്ചര്‍ പ്ലാസിഡ് വിദ്യാവിഹാറിലായിരുന്നു. രണ്ട് പെണ്‍മക്കളും വിവാഹിതരായി സംസ്ഥാനത്തിന് പുറത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."