കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കശ്മിരിലെ കുപ്‌വാര ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.
കുപ്‌വാരയിലെ ഹന്ദ്വാര മേഖലയില്‍ ഭഗത്പുരയില്‍ നടത്തിയ സംയുക്ത ഓപറേഷനിടെ ഭീകരര്‍ സൈന്യത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരസാന്നിധ്യമുള്ളതായുള്ള ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ നടത്തിയത്.
ഭീകരരെ കൊലപ്പെടുത്തിയതോടെ പ്രദേശത്ത് ഏറ്റുമുട്ടല്‍ അവസാനിച്ചിട്ടുണ്ട്. ആക്രമണത്തില്‍ സൈനികര്‍ക്ക് കാര്യമായ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് രണ്ട് ആയുധങ്ങള്‍ കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരരുടെ വിശദവിവരങ്ങളും ഇവര്‍ ഏതു സംഘടനയില്‍പെട്ടവരാണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. ലഷ്‌കറെ ത്വയ്ബയുടെ പ്രവര്‍ത്തകരാണെന്നാണ് സൈന്യം സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം പുല്‍വാമയിലും സൈനിക ഓപറേഷനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. കശ്മിരിലെ ദോഡ ജില്ലയില്‍ ഒളികേന്ദ്രത്തില്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയായിരുന്ന ഏഴ് ലഷ്‌കറെ ത്വയ്ബ ഭീകരരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."