പ്രതിപക്ഷവുമായുള്ള കരാറുകള്‍ റദ്ദാക്കുമെന്ന് സുദാന്‍ സൈന്യം
ഖാര്‍ത്തൂം: കുത്തിയിരിപ്പു സമരം നടത്തുന്ന പ്രക്ഷോഭകരെ സൈനിക ആസ്ഥാനത്തുനിന്ന് ഒഴിപ്പിക്കുന്നതിനായി വെടിവയ്പ് നടത്തിയതിന്റെ തുടര്‍ച്ചയായി പ്രധാന പ്രതിപക്ഷസഖ്യവുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാന്‍ സുദാനിലെ സൈനിക ഭരണസമിതി (ടി.എം.സി) തീരുമാനിച്ചു.
സമിതി തലവനായ ലഫ്. ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒന്‍പത് മാസത്തിനകം രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ ഭരണം ജനകീയ സര്‍ക്കാരിന് കൈമാറണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന സമരത്തിനിടെ 35 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി.
പ്രതിപക്ഷമായ ഫ്രീഡം ആന്‍ഡ് ചെയിഞ്ച് സഖ്യവുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്താനും സൈനിക ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
ഏപ്രില്‍ 11ന് ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കിയ ശേഷവും പതിനായിരത്തോളം പ്രക്ഷോഭകര്‍ തലസ്ഥാനത്ത് സൈനിക ആസ്ഥാനത്തിനു മുന്‍പില്‍ തമ്പടിച്ചിരിക്കുകയാണ്.
വിപ്ലവം നിര്‍ണായക ഘട്ടത്തിലാണ്.
സൈനികസമിതി ഇത് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്- പ്രതിപക്ഷ സമരത്തിന്റെ ചുക്കാന്‍പിടിക്കുന്ന സുദാനീസ് പ്രഫഷനല്‍സ് അസോസിയേഷന്‍(സ്പ) വക്താവ് മുഹമ്മദ് യൂസുഫ് അല്‍ മുസ്തഫ പറഞ്ഞു.
ഒന്നുകില്‍ അവര്‍ അല്ലെങ്കില്‍ ഞങ്ങള്‍ എന്നതാണ് നിലവിലെ അവസ്ഥ.
മറ്റു പോംവഴി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തിങ്കളാഴ്ചയുണ്ടായ രക്തച്ചൊരിച്ചിലിന് സമരക്കാരാണ് ഉത്തരവാദികളെന്ന് ബുര്‍ഹാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."