മോദിയുടെ അനുമതിയില്ലാതെ മല്യ രാജ്യംവിടില്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യംവിട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വിജയ് മല്യക്ക് യാത്രാ സൗകര്യമൊരുക്കാന്‍ ലുക്കൗട്ട് നോട്ടിസ് മാറ്റിയത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണുള്ളത്. ആയിരക്കണക്കിനു കോടിയുടെ വെട്ടിപ്പ് നടന്ന ഒരു സുപ്രധാന കേസില്‍ അന്വേഷണ ഏജന്‍സി പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ ലുക്കൗട്ട് നോട്ടിസ് മാറ്റില്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
വിദേശത്തേക്കു രക്ഷപ്പെടാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്കൗട്ട് നോട്ടിസ് മാറ്റിയതുകൊണ്ടാണ് അദ്ദേഹത്തിനു രക്ഷപ്പെടാന്‍ കഴിഞ്ഞത്.
ലുക്കൗട്ട് നോട്ടിസില്‍ മല്യയെ തടഞ്ഞുവയ്ക്കണം എന്നത് അദ്ദേഹത്തെ കുറിച്ച് വിവരം അറിയിക്കണം എന്നാക്കി മാറ്റിയിരുന്നു. അതിനാല്‍ തടസമില്ലാതെ മല്യക്ക് ലണ്ടനിലേക്ക് കടക്കാനായി. ഈ മാറ്റം പ്രധാനമന്ത്രി അറിയാതെ നടക്കില്ലെന്നുമാണ് രാഹുല്‍ ആരോപിച്ചത്.
അതേസമയം, വിജയ് മല്യ രാജ്യം വിടുന്നത് തടയാന്‍ സുപ്രിംകോടതിയെ സമീപിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐക്കു നിയമോപദേശം നല്‍കിയെങ്കിലും അവരത് തള്ളിക്കളഞ്ഞതായി മുതിര്‍ന്ന അഭിഭാഷകന്‍ ദുശ്യന്ത് ദവെ ആരോപിച്ചു. മല്യ നാടുവിടുന്നതിന് നാലുദിവസം മുന്‍പാണ് എസ്.ബി.ഐയ്ക്ക് ഇത്തരമൊരു നിയമോപദേശം ലഭിച്ചത്.
2016 ഫെബ്രുവരി 28 ഞായറാഴ്ച എസ്.ബി.ഐ മാനേജ്‌മെന്റിലെ ഉന്നതനുമായി നടത്തിയ യോഗത്തിലാണ് നിയമോപദേശം നല്‍കിയത്. പിറ്റേന്ന് തിങ്കളാഴ്ച കോടതി തുറക്കുമ്പോള്‍ തന്നെ മല്യയുടെ വിദേശയാത്ര തടഞ്ഞുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവ് വാങ്ങണമെന്നായിരുന്നു ധാരണ. എന്നാല്‍ രാവിലെ കോടതി തുറന്നപ്പോള്‍ എസ്.ബി.ഐ ഉദ്യോഗസ്ഥര്‍ വന്നില്ല.
എസ്.ബി.ഐയുടെ നിയമോപദേശകന്‍മാരും നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരുമാണ് തന്നെ കാണാനെത്തിയത്. ബാങ്ക് ചെയര്‍പേഴ്‌സണും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും താന്‍ ഇത്തരത്തിലൊരു ഉപദേശം നല്‍കിയ കാര്യം അറിയാം.
മല്യ ഇന്ത്യ വിടുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു നിയമോപദേശം നല്‍കിയത്. ഇതുകഴിഞ്ഞ് മൂന്നാമത്തെ ദിവസം മല്യ രാജ്യം വിട്ടുവെന്നും ദവേ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മല്യ മാര്‍ച്ച് രണ്ടിനു രാജ്യം വിട്ടശേഷം അഞ്ചിനാണ് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഴ്ഷ്യം കോടതിയെ സമീപിച്ചത്. എന്നാല്‍ തങ്ങളുടെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായില്ലെന്നായിരുന്നു എസ്.ബി.ഐയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."