മുഖ്യമന്ത്രി ശൈലി മാറ്റണം
തിരുവനന്തപുരം: സി.പി.ഐ എക്‌സിക്യൂട്ടിവ് യോഗത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും രൂക്ഷമായ വിമര്‍ശനം. ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയുടെ ശൈലി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റണം. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചു.
മുഖ്യമന്ത്രി ശൈലി മാറ്റിയില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ കൂടി അതു ബാധിക്കുമെന്നും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ വിമര്‍ശനമുയര്‍ന്നു. നവോത്ഥാന സമിതിയെന്നൊരു ബാനറുണ്ടാക്കി വനിതാ മതില്‍ തീര്‍ത്തത് വിശ്വാസി സമൂഹത്തെ ഇടതുമുന്നണിയില്‍ നിന്ന് അകറ്റാന്‍ ഇടയാക്കി. ഇതില്‍ സി.പി.ഐ നേതൃത്വത്തിന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
വനിതാ മതില്‍ സംഘടിപ്പിച്ചതിനു പിന്നാലെ ആക്ടിവിസ്റ്റുകളായ രണ്ടു സ്ത്രീകളെ പൊലിസ് സംരക്ഷണത്തില്‍ ശബരിമലയില്‍ കയറ്റിയതു വിശ്വാസികളെ വേദനിപ്പിച്ചു.
ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടായി. തെറ്റ് സംഭവിച്ചുവെങ്കില്‍ തിരുത്തുമെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. അല്ലാതെ അദ്ദേഹത്തിന്റെ ശൈലിക്കൊത്ത് സര്‍ക്കാരിനെ കൊണ്ടുപോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.
ശബരിമല വിഷയത്തെ മാറ്റിനിര്‍ത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാകില്ല. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം പ്രധാന ഘടകമായി. സുപ്രിംകോടതി വിധി വന്നയുടന്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ വിധി നടപ്പിലാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എടുത്തു ചാട്ടമായി. ഇതുകാരണം കാലാകാലങ്ങളായി ഇടതുമുന്നണിക്കു വോട്ട് ചെയ്തുവരുന്ന വിശ്വസികളായ സവര്‍ണ ഹിന്ദുക്കള്‍ ഇക്കുറി യു.ഡി.എഫിന് വോട്ട് ചെയ്തു.
കൂടാതെ ന്യൂനപക്ഷങ്ങളുടെ കേന്ദ്രീകരണവും യു.ഡി.എഫിന് അനുകൂലമായതോടെ പരാജയം സമ്പൂര്‍ണമായെന്നും ഇന്നലെ ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് വിലയിരുത്തി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് ഇന്നലെ എക്‌സിക്യൂട്ടിവില്‍ ചര്‍ച്ച നടന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ശബരിമലയുടെ സ്വാധീനത്തെ വിലകുറച്ച് കണ്ടു. ശബരിമലയെ പാടെ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ പ്രചാരണം.
ഇതു വന്‍ തിരിച്ചടിക്ക് കാരണമായി. യഥാസമയത്ത് പ്രതിരോധം തീര്‍ക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംസ്ഥാന എക്‌സിക്യൂട്ടിവ് റിപ്പോര്‍ട്ട് 12, 13 തിയതികളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. മത്സരിച്ച നാല് മണ്ഡലങ്ങളെപ്പറ്റിയും പ്രത്യേകം ചര്‍ച്ച ചെയ്യാനാണ് സി.പി.ഐ എക്‌സിക്യൂട്ടിവിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."