ആശുപത്രി മാലിന്യങ്ങള്‍ സര്‍ക്കാര്‍ ഭൂമിയില്‍ തള്ളി: നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു പുളിക്കല്‍ വലിയപറമ്പ് മലയിലാണ് മാലിന്യം തള്ളിയത്
കൊണ്ടോട്ടി: സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ ലാബിലെയും മാലിന്യങ്ങള്‍ ജനവാസ കേന്ദ്രത്തിനടുത്തുള്ള സര്‍ക്കാര്‍ ഭൂമിയില്‍ തള്ളിയതു നാട്ടുകാര്‍ ഇടപെട്ടു തിരിച്ചെടുപ്പിച്ചു. പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ് വടക്കന്‍ മലയിലുള്ള ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കരിങ്കല്‍ ക്വാറിക്കു സമീപമാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ലോഡ് കണക്കിന് ഉപയോഗശൂന്യമായ സിറിഞ്ച്, കാലാവധി കഴിഞ്ഞ മരുന്ന്, മറ്റു മാലിന്യങ്ങള്‍ എന്നിവ ടിപ്പര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളിയത്.
ഉച്ചയ്ക്കു മൂന്നോടെ സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ലോറിയും ജീവനക്കാരെയും തടഞ്ഞിടുകയും പൊലിസിലും ആരോഗ്യവകുപ്പിലും അറിയിക്കുകയും ചെയ്തു. എടവണ്ണ ഇ.എം.സി ആശുപത്രിയിലേതാണ് മാലിന്യങ്ങളെന്നു മാലിന്യക്കൂമ്പാരത്തിലെ പേപ്പര്‍ കവറില്‍നിന്നു മനസിലാക്കിയ നാട്ടുകാര്‍ ആശുപത്രി അധികൃതരെയും വിളിച്ചു വരുത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലിസിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും ആശുപത്രി അധികൃതര്‍ മാലിന്യങ്ങള്‍ പകലില്‍ തിരികെ കൊണ്ടുപോകാമെന്ന നിലപാടെടുത്തു. എന്നാല്‍, നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു രാത്രി തന്നെ മാലിന്യങ്ങള്‍ തിരിച്ചു കൊണ്ടുപോകാമെന്നു ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."