വരുമാനം കൂട്ടാന്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: വരുമാനം കൂട്ടാന്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്ന പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സര്‍ക്കാരിന്റെ നികുതി വര്‍ധനവിനെതിരേ സെക്രട്ടേറിയറ്റിന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ധനസ്ഥിതി മോശമാണെന്ന് കാണിക്കാന്‍ ധവളപത്രമിറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നികുതിയേതര വരുമാനം വര്‍ധിച്ചതിനെക്കുറിച്ച് ധനമന്ത്രി മിണ്ടുന്നില്ല.
വരുമാനം വര്‍ധിപ്പിക്കാന്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.
ധനമന്ത്രി ഉണ്ടായിരിക്കേ മുഖ്യമന്ത്രി പ്രത്യേകം സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചത് എന്തിനാണെന്ന് തുടര്‍ന്ന് സംസാരിച്ച കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതില്‍ സ്വന്തം പാര്‍ട്ടിയിലും സഹപ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുണ്ട്.
മുഖ്യമന്ത്രി നിയമനം നടത്തുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് വിവാദങ്ങള്‍ ഉണ്ടാകുന്നതെന്നും നേരെ ചൊവ്വേ അദ്ദേഹം നിയമനങ്ങള്‍ നടത്തണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."