അഴിമുഖത്ത് മണല്‍തിട്ട രൂപപ്പെട്ടത് സ്വാഭാവിക പ്രതിഭാസമെന്ന് വിദഗ്ധര്‍
പൊന്നാനി: പൊന്നാനി അഴിമുഖത്ത് മണല്‍ തിട്ട രൂപപ്പെട്ടത് സ്വാഭാവിക പ്രതിഭാസമാണെന്ന് വിദഗ്ധര്‍. കടലിലിറങ്ങുന്നവര്‍ വേലിയേറ്റ സമയത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.
പ്രളയത്തിന് ശേഷം പൊന്നാനി അഴിമുഖത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കടലില്‍ പുതുതായി രൂപപ്പെട്ട മണല്‍തിട്ടയുമായി ബന്ധപ്പെടുത്തി കടല്‍ പിളര്‍ന്നെന്ന സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം തെറ്റാണെന്നും പ്രളയത്തെത്തുടര്‍ന്ന് മണല്‍ അടിഞ്ഞുകൂടി ഉണ്ടായ സ്വാഭാവിക മാറ്റമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയത്തിന് ശേഷം പൊന്നാനി കടലില്‍ രൂപാന്തരപ്പെട്ട പുതിയ മണല്‍തിട്ട കാണാന്‍ ദിവസവുമെത്തുന്നത് നൂറ് കണക്കിനാളുകളാണ്.
പുഴയിലൂടെ ഒഴുകിവരുന്ന എക്കല്‍ മണ്ണിന്റെ ശേഖരമാണ് സാധാരണഗതിയില്‍ അഴിമുഖങ്ങളില്‍ മണല്‍ത്തിട്ടകളായി രൂപപ്പെടുന്നത്. കടല്‍ക്ഷോഭത്തിന് ശേഷം പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടര്‍ന്ന് അഴിമുഖത്തിന്റെ തെക്കേ ഭാഗത്തേക്ക് മാട് ( മണല്‍തിട്ട) രൂപപ്പെടാറാണ് പതിവ്. എന്നാല്‍ ഇത്തവണത്തെ മഹാപ്രളയവും മലമ്പുഴ അണക്കെട്ടും തമിഴ്‌നാട്ടിലെ ആളയാര്‍ ഡാമും തുറന്നതിനാലും ഭാരതപ്പുഴയിലെ ഒഴുക്ക് പതിവിനേക്കാളേറെ ശക്തമായിരുന്നു. അതിന്റ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിട്ടുള്ള നീണ്ട മണല്‍തിട്ട.
കൂടാതെ പൊന്നാനിയില്‍ പോര്‍ട്ട് നിര്‍മാണത്തിന്റെ ഭിത്തി കടലിലേക്ക് ഇറക്കി നിര്‍മിച്ചതിനാല്‍ ഈ ഭാഗത്ത് മണല്‍ തങ്ങിനില്‍ക്കുകയും ഇതുമൂലം നീണ്ട തിട്ട രൂപപ്പെടുകയായിരുന്നുവെന്നും ഹാര്‍ബര്‍ എഞ്ചിനീയറിങ് എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ കുഞ്ഞി മമ്മു പറവത്ത് പറഞ്ഞു. വേലിയേറ്റ സമയത്ത് മണല്‍തിട്ട കടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ കടലിലേക്കിറങ്ങുന്നത് അപകടത്തിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."