നസീറിനെ ആക്രമിച്ച സംഭവം: എഫ് ഐ ആറില്‍ ഇല്ലാത്ത രണ്ട് പേര് കോടതിയില്‍ കീഴടങ്ങി
കോഴിക്കോട്: വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഎം വിമതന് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് പേര് കോടതിയില്‍ കീഴടങ്ങി. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷന് ബാബു, വേറ്റുമ്മല്‍ സ്വദേശി ശ്രീജന് എന്നിവരാണ് ഇന്ന് തലശേരി കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പൊലിസ് തയാറാക്കിയ എഫ് ഐ ആറില്‍ ഇല്ലാത്ത പ്രതികളാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്. കേസില്‍ എവിടെയും ഇവരുടെ പേരുകള്‍ ചേര്‍ത്തിട്ടില്ല. ഇരുവരെയും റിമാന്‍ഡ് ചെയ്തപ്പോഴും അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടില്ല. ഇതോടെ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യത്തില്‍ പൊലിസില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അതിനിടെ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സി ഐയെ മാറ്റിയത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമായി. വധശ്രമക്കേസില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ അഞ്ചായി.
കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ചയാളെ ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തലശ്ശേരി സ്വദേശി വിശ്വാസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മെയ് 18ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."