കുട്ടനാട്ടില്‍ കുടിവെള്ളം കിട്ടാതെ ജനം വലയുന്നു
കുട്ടനാട്: ജലപ്രളയംമൂലം ദുരിതത്തിലായ കുട്ടനാട്ടുകാര്‍ കുടിവെള്ളമില്ലാതെ വലയുന്നു. നിലവില്‍ ഉള്‍പ്രദേശങ്ങളില്‍ പഞ്ചായത്ത് വള്ളത്തില്‍ എത്തിക്കുന്ന വെള്ളം മാത്രമാണ് കുട്ടനാട്ടുകാര്‍ക്ക് ആശ്രയം. പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് കുറഞ്ഞതിനാല്‍ കിണറുകളും വറ്റി.
വറ്റാത്ത ഏതാനും കിണറുകളിലാകട്ടെ മാലിന്യവും നിറഞ്ഞ സ്ഥിതിയാണ്. കുട്ടനാട്ടിലെ എല്ലാ പ്രദേശങ്ങളിലും ഒരുപോലെ നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളില്‍ വെള്ളമെത്താത്തതാണ് കുട്ടനാട്ടുകാര്‍ക്ക് ഇരുട്ടടിയായത്. രാവിലെ ഏഴിനും എട്ടിനും മദ്ധ്യേ അരമണിക്കൂറാണ് പൈപ്പുകളില്‍ വെള്ളം കിട്ടുന്നത്. ഇതും പല ദിവസകളിലും കിട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പണം നല്കി വെള്ളം ടൗണില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്നവരുണ്ടെങ്കിലും പണമില്ലാത്തതിനാല്‍ പലര്‍ക്കും ഇതിന് കഴിയുന്നില്ല. ആറ്റിലെ വെള്ളം തിളപ്പിച്ച് കുടിക്കാന്‍ എടുക്കേണ്ട സ്ഥിതിയാണിപ്പോള്‍.
മാലിന്യം കലര്‍ന്ന ആറുകളില്‍ നിന്ന് കുടിക്കാന്‍ വെള്ളമെടുക്കുന്നത് മാരകമായ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകും. ക്ലോറിഫോം ബാക്ട്ടിരിയുടെ അളവ് കൂടുതലാകാനാണ് സാധ്യത. ശൗചാലയങ്ങള്‍ ഒട്ടുമിക്ക വീടുകളിലും ഉപയോഗിക്കുന്ന നിലയിലായിട്ടില്ല.
വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണം കുട്ടനാട്ടിലെ ചില പ്രദേശങ്ങളിലെത്തിയെങ്കിലും ജനം ആറ്റിലെ വെള്ളത്തെ ശുദ്ധീകരിച്ചിട്ടും ഭയത്തോടെയാണ് കുടിക്കുന്നത്. കൈനകരി പഞ്ചായത്തിലെ എല്ലാ വീട്ടുകാരും കുടിവെള്ളം പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുകയാണ്.
ആറ്റിലെയും തോടുകളിലെയും വെള്ളമിറങ്ങി മലിനമായതോടെയും, ശുദ്ധ വെള്ളം ലഭിക്കാതായതോടെയും കുളിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."