വീണ്ടും ഭൂചലനം; നൂറനാട് പത്തോളം വീടുകള്‍ക്ക് വിള്ളല്‍
ചാരുംമൂട്: ജനങ്ങളെ ഭീതിയിലാക്കി നൂറനാട് പ്രദേശത്ത് വീണ്ടും ഭൂചലനം.
നൂറനാട് പുലിമേല്‍, പഴഞ്ഞൂര്‍കോണം ഭാഗങ്ങളിലെ പത്തോളം വീടുകള്‍ക്ക് കേടുപറ്റി.വ്യാഴം അര്‍ധരാത്രിയോടെ ആണ് സംഭവം.പുലിമേല്‍ രേഖാലയത്തില്‍ തങ്കപ്പന്റെ വീടിനു സാരമായ നഷ്ടം സംഭവിച്ചു.വീടിന്റെ നാലു ഭിത്തികളും വേര്‍പ്പെട്ട നിലയിലാണ്.
ലക്ഷമി നിവാസ് വിജയന്‍ ,മധു ഭവനത്തില്‍ ദാമോധരന്‍, ചിത്തിര നിവാസില്‍ കോമളവല്ലി ,തടത്തില്‍വടക്കേതില്‍ മണിയമ്മ, പഴഞ്ഞൂര്‍കോണം രാജ്ഭവനംതിരുവോണത്തില്‍ ബാബുക്കുട്ടന്‍ എന്നിവരുടെ വീടുകളില്‍ വിള്ളല്‍ കാണപ്പെട്ടു.
ഭൂചലനത്തിനു മുന്നോടിയായി ഭൂമിക്കടിയില്‍ നിന്നും ഭയങ്കര ശബ്ദം കേട്ടുഉണര്‍ന്ന വീട്ടുകാര്‍ എന്താണു സംഭവിച്ചതെന്നറിയാതെ വീടു വിട്ട് റോഡിലേക്ക് ഓടുകയായിരുന്നു.
പത്തോളം വീട്ടുകാര്‍ ഒന്നിച്ചു കൂടിയ സമയമാണ് കുലുക്കം അനുഭവപ്പെട്ടത്.
തുടര്‍ന്ന് വീടിനകത്തു നിന്നും പാത്രങ്ങളും അലമാരകളും നിലത്തു വീഴുന്ന ശബ്ദം കേട്ടതായും വീട്ടുകാര്‍ പറഞ്ഞു.
നേരം പുലര്‍ന്നതോടുകൂടി നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് പി.അശോകന്‍ നായരും, വില്ലേജ് ഓഫിസര്‍ എസ്.സുജതാ ദേവിയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കഴിഞ്ഞ ദിവസം പാലമേല്‍, പളളിക്കല്‍ പഞ്ചായത്തുകളില്‍ ഉണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഭയത്തോടു കഴിഞ്ഞു വരുകയായിരുന്നു ഇവിടുത്തുകാര്‍. തുടര്‍ചലനമുണ്ടാകുമെന്ന ആശങ്കയിലാണ് ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."