മഴയെത്തും മുന്‍പ് അണക്കെട്ട് തുറന്നുവിടാന്‍ കെ.എസ്.ഇ.ബി
ബാസിത് ഹസന്‍
തൊടുപുഴ: മഹാപ്രളയത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കെ.എസ്.ഇ.ബി ഇക്കുറി മഴയെത്തും മുന്‍പ് അണക്കെട്ട് തുറന്നുവിടാന്‍ ഒരുങ്ങുന്നു.
കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി 60 ക്യുമെക്‌സ് വരെ വെള്ളം ഇന്ന് രാവിലെ മുതല്‍ ഒഴുക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം. റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി പാംബ്ല ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ഇന്നലെ അനുമതി നല്‍കി. അണക്കെട്ടുകളില്‍ വെള്ളമില്ലാതെ മുതിരപ്പുഴ നദീതടത്തിലെ പവര്‍ ഹൗസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് നീങ്ങവെയാണ് കല്ലാര്‍കുട്ടിയില്‍ നിന്ന് വെള്ളം തുറന്നുവിടാനുള്ള തീരുമാനം.
കല്ലാര്‍കുട്ടി അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി 456.59 മീറ്ററാണ്. 451.85 മീറ്റര്‍ വെള്ളം ഇന്നലെ അണക്കെട്ടിലുണ്ട്. നേര്യമംഗലം നിലയത്തിലെയും എക്‌സ്റ്റെന്‍ഷന്‍ നിലയത്തിലെയും ജനറേറ്ററുകള്‍ മുഴുവന്‍ സമയം ഓടിച്ചാല്‍ ജലനിരപ്പ് താഴ്ത്താന്‍ കഴിയും. നിലവില്‍ പീക്ക് ടൈമില്‍ മാത്രമാണ് ഈ നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 77.65 മെഗാവാട്ട് ശേഷി രണ്ട് നിലയങ്ങള്‍ക്കും കൂടിയുണ്ട്. 17.55 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് നേര്യമംഗലം നിലയത്തിലുള്ളത്.
എക്‌സ്റ്റെന്‍ഷന്‍ നിലയത്തില്‍ 25 മെഗാവാട്ടിന്റെ ഒരു ജനറേറ്ററാണുള്ളത്. ഇവിടെനിന്ന് ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം ലോവര്‍ പെരിയാര്‍ അണക്കെട്ടിലാണ് എത്തുന്നത്.
ലോവര്‍ പെരിയാര്‍ പവര്‍ ഹൗസിലെ 180 മെഗാവാട്ട് ജനറേറ്ററുകളില്‍ പൂര്‍ണതോതില്‍ ഉല്‍പാദനം നടത്തിയാല്‍ ഊര്‍ജക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പ്രയോജനപ്പെടുത്താം. ഇത്തരം നടപടികളൊന്നും സ്വീകരിക്കാതെ വെള്ളം പാഴാക്കുന്ന നടപടികളിലേക്ക് കടക്കുന്നതില്‍ ആക്ഷേപം ഉയരുന്നുണ്ട്.
പൊന്മുടി, ആനയിറങ്കല്‍ അണക്കെട്ടുകള്‍ ഡെഡ് സ്റ്റോറേജിലേക്ക് എത്തിയതിനാല്‍ പന്നിയാര്‍ വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം പരുങ്ങലിലാണ്. 0.138 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം. 16.2 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പന്നിയാര്‍ പവര്‍ ഹൗസിലുള്ളത്. പൊന്മുടിയില്‍ ശേഷിയുടെ അഞ്ച് ശതമാനം വെള്ളമാണ് നിലവിലുള്ളത്. സ്റ്റോറേജ് ഡാമായ ആനയിറങ്കല്‍ പൂര്‍ണമായും വറ്റി. പന്നിയാര്‍ പവര്‍ഹൗസില്‍ നിന്ന് ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം കല്ലാര്‍കുട്ടി അണക്കെട്ടിലാണ് എത്തിച്ചേരുന്നത്.
കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നത് പള്ളിവാസല്‍ പവര്‍ഹൗസിലെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും. മാട്ടുപ്പെട്ടിയില്‍ 9 ശതമാനവും കുണ്ടളയില്‍ 13 ശതമാനവും വെള്ളമാണുള്ളത്. പെന്‍സ്റ്റോക്കിന്റെ കാലപ്പഴക്കംമൂലം പള്ളിവാസലില്‍ രണ്ട് ജനറേറ്ററുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാലാണ് ഇപ്പോള്‍ ചെറുതായെങ്കിലും ഉല്‍പാദനം നടക്കുന്നത്. 0.409 ദശലക്ഷം യൂനിറ്റായിരുന്നു പള്ളിവാസലിലെ ഇന്നലത്തെ ഉല്‍പാദനം. പള്ളിവാസലില്‍ നിന്ന് ഉല്‍പാദനത്തിനുശേഷം വെള്ളം എത്തുന്നത് ചെങ്കുളം അണക്കെട്ടിലാണ്. ഇവിടെനിന്ന് വെള്ളം എത്തിച്ചാണ് 51.2 മെഗാവാട്ടിന്റെ ചെങ്കുളം പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത്.
ചെങ്കുളം പവര്‍ ഹൗസില്‍ നിന്ന് ഉല്‍പാദനത്തിനുശേഷമുള്ള വെള്ളവും കല്ലാര്‍കുട്ടി അണക്കെട്ടിലാണ് എത്തിച്ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."